നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പരിഗണന നൽകുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും 'അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാമെന്ന" പഴംചൊല്ല് ഓർമിപ്പിച്ചു അവസാന നിമിഷം പിന്നാക്കക്കാരെ വെട്ടുന്നതു പോലെ സ്ഥിരം മേജർസെറ്റ് കലാകാരന്മാർ തന്നെ തങ്ങൾക്ക് സംവരണം ചെയ്യപ്പെട്ടതു പോലെ അണിയറയിൽ മേക്കപ്പിടുകയാണ് .

20 ശതമാനം സീറ്റ് തങ്ങൾക്ക് വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 140 സീറ്റിന്റെ 20 ശതമാനം 28 ആണ്. അതല്ല കോൺഗ്രസ് 80 സീ്റ്റിൽ മത്സരിച്ചാൽ 16 സീറ്റ് വേണമെന്നാണ് ആവശ്യം. കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസിൽ നിന്ന് വിരലിലെണ്ണാവുന്ന വനിതകളാണ് മത്സരിച്ചത്. താപ്പാനകളോട് മത്സരിച്ചു തോൽക്കാനായിരുന്നു എല്ലാവരുടെയും വിധി. പല തവണ തോറ്റ ഷാനി ഉസ്മാൻ ഉപതിരഞ്ഞെടുപ്പിൽ നാട്ടുകാർക്കു സഹതാപം തോന്നി അരൂരിൽ നിന്നു ജയിച്ചതു മാത്രമാണ് ഏക ആശ്വാസം.

ഇപ്പോഴത്തെ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷിന് കഴിഞ്ഞ തവണ സീറ്റു നൽകിയില്ല. മുൻ തിരഞ്ഞെടുപ്പിൽ കോട്ടയം കാരിയായ ലതികയെ ചാവേറാക്കാൻ വി.എസ്. അച്യൂതാനന്ദനെതിരെ മലമ്പുഴയിലാണ് സീറ്റ് നൽകിയത്. ഇക്കുറി കോട്ടയത്ത് സീറ്റു കിട്ടുമെന്ന പ്രതീക്ഷയിലാണെങ്കിലും മണ്ണും ചാരി നിന്നവർ അവസാനം സീറ്റും കൊണ്ട് പോകുമോ എന്നറിയില്ല. കാരണം പുരുഷ കേസരികൾ സ്ഥാനാർത്ഥി കുപ്പായം തയ്ച്ചു ഹൈക്കമാൻഡു മുതൽ താഴോട്ട് ബൂത്തു തലം വരെ സകല കളികളും നടത്തുന്നതിനിടയിൽ മഹിളകളെ ആര് മൈൻഡ് ചെയ്യാൻ !.

യു.ഡി.എഫിൽ മാത്രമല്ല ഇടതു മുന്നണിയിലും സ്ഥിതി ഇതു തന്നെ. ക്ഷോഭിക്കുന്ന യൗവ്വനമെന്ന് നാലു പതിറ്റാണ്ടിനു മുമ്പ് വിശേഷിപ്പിച്ചവർ തന്നെയാണ് ഇപ്പോഴും രംഗത്തുള്ളത്. ബി.ജെ.പിയിലാകട്ടെ കാഞ്ഞിരപ്പള്ളി സീറ്റിനായി ആണും പെണ്ണുമായി അര ഡസനോളം പേരാണ് ഇടിക്കുന്നത്. ചിറക്കടവ് പഞ്ചായത്തു ഭരണം ബി.ജെ.പി പിടിച്ചെടുത്തതോടെയാണ് കാഞ്ഞിരപ്പള്ളി സീറ്റിനോടുള്ള പ്രേമം. അവിടെയും പഴയ കാല എക്സ്ട്രാ താരങ്ങൾ തന്നെ സീറ്റും കൊണ്ടു പോകുമെന്നാണ് കേൾക്കുന്നത്. മുന്നണി ഏതാണെങ്കിലും യുവതി യുവാക്കളുടെ ജന്മം വിറകുവെട്ടാനും വെള്ളം കോരാനും മാത്രമോ എന്നാണ് ചോദിക്കാനുള്ളത്. ?