santhosh
2019 ആഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുളകരമേട് വാഴയില്‍ സന്തോഷിന്റെ വീട്.

 ഒന്നര വർഷമായി ആഫീസുകൾ കയറിയിറങ്ങി കുടുംബം

കട്ടപ്പന: പ്രളയത്തിൽ വീടും പുരയിടവും നഷ്ടപ്പെട്ടപ്പോഴുള്ള ദുരിതത്തിനപ്പുറമാണ് ദുരിതാശ്വാസത്തിനായി സർക്കാർ ആഫീസുകൾ കയറിയിറങ്ങുമ്പോൾ മുളകരമേട് വാഴയിൽ സന്തോഷും കുടുംബവും നേരിടുന്നത്. വീട് നിർമിക്കാൻ നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം വാങ്ങാനുള്ള ആറ് ലക്ഷം രൂപയ്ക്കായി ഒന്നര വർഷമായി ആഫീസുകൾ താണ്ടുകയാണ് ഈ നിർദ്ധന യുവാവ്. 2019 ആഗസ്റ്റ് എട്ടിന് കല്യാണത്തണ്ട് മലയിലുണ്ടായ ഉരുൾപൊട്ടലിലാണ് സന്തോഷിന്റെ വീടും പുരയിടവും മണ്ണിനടിയിലായത്. അപകടത്തിൽ നിന്ന് സന്തോഷും കുടുംബാംഗങ്ങളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിന്റെ ഒരുഭാഗം ഒഴികെ പൂർണമായും തകർന്നിരുന്നു. സ്ഥലം സന്ദർശിച്ച വില്ലേജ് അധികൃതർ, ഇവിടെ വീട് നിർമിക്കാൻ അനുയോജ്യമല്ലെന്നു റിപ്പോർട്ട് നൽകി. ഇതോടെ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ വിഭാഗത്തിലാണ് സന്തോഷും ഉൾപ്പെട്ടത്. വീട് നിർമാണത്തിനായി നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം വാങ്ങാനുള്ള ആറ് ലക്ഷം രൂപ ഇതുവരെ കിട്ടിയിട്ടില്ല. ഒന്നര വർഷമായി വിവിധ സർക്കാർ ആഫീസുകൾ കയറിയിറങ്ങിയിട്ടും ഫണ്ട് അനുവദിക്കാൻ തടസം നേരിടുന്നതിന്റെ വ്യക്തമായ വിശദീകരണം ആരും നൽകിയിട്ടില്ല.

ദുരിതം ഒരാൾക്ക് മാത്രമല്ല

കട്ടപ്പന നഗരസഭയിൽ സന്തോഷ് ഉൾപ്പെടെ അഞ്ച് പേർക്കാണ് സ്ഥലം വാങ്ങാനുള്ള തുക ലഭിക്കാത്തത്. മുളകരമേട് പേക്കാട് ജിജി ജോസഫ്, പാറക്കടവ് തവളപ്പാറ സ്വദേശി ഹരി, കുന്തളംപാറ വി.ടി. പടി സ്വദേശിനി മിനി രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റുള്ളവർ. ഇവരെല്ലാവരും വാടക വീട്ടിലാണ് കഴിയുന്നത്. ആകെയുള്ള സമ്പാദ്യമെല്ലാം പ്രളയത്തിൽ നശിച്ചതോടെ വീട് നിർമാണത്തിനായി അനുവദിച്ച തുകയിൽ നിന്നാണ് ഇവർ വീട്ടുവാടക നൽകുന്നത്. അടുത്ത കാലവർഷത്തിന് മുമ്പ് സ്വന്തം വീടുകളിലേക്ക് താമസം മാറണമെന്നാണ് ഇവരുടെ ആഗ്രഹമെങ്കിലും ഫണ്ട് അനുവദിക്കാൻ കാലതാമസം നേരിടുകയാണ്.