രണ്ടു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം 1967ൽ വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം, സി.പി.ഐ, എസ്.എസ്.പി, മുസ്ലീം ലീഗ് തുടങ്ങിയ ഏഴു കക്ഷികൾ ചേർന്ന് യുണൈറ്റഡ് എന്ന പേരിൽ സപ്തകക്ഷി മുന്നണി രൂപീകരിച്ച് ജയിച്ചുവെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ ഇ.എം.എസ്, സി.അച്യുതമേനോൻ രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടായെങ്കിലും ഇരുവരും ഇടയ്ക്ക് രാജിവയ്ക്കാൻ നിർബന്ധിതരായി. അഞ്ചു വർഷ കാലാവധി തികക്കാതെ മൂന്നു വർഷ കാലാവധി തികയ്ക്കും മുമ്പ് നിയമസഭ പിരിച്ചു വിടുകയും ചെയ്തു. .
കോൺഗ്രസും കേരള കോൺഗ്രസും വെവ്വേറെ കക്ഷിയായിട്ടാണ് മത്സരിച്ചത്. മണ്ഡലങ്ങളുടെ എണ്ണം 133 ആയി .13 സീറ്റുകള്‍ സംവരണം ആയിരുന്നു. ഭാരതീയ ജനസംഘം 22 സീറ്റിൽ മത്സരിച്ചുവെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചില്ല . സി.പി.എം 59 സീറ്റിൽ മത്സരിച്ചു 52 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ച്ചവച്ചു. സി.പി.ഐ 22 ൽ 19 ഉം മുസ്ലീം ലീഗ് 15 ൽ പതിനാലു സീറ്റും സ്വന്തമാക്കി .
133 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒമ്പതു സീറ്റിൽ ഒതുങ്ങി ദയനീയ പരാജയമാണേറ്റുവാങ്ങിയത്. കേരള കോൺഗ്രസ് 61 സീറ്റിൽ മത്സരിച്ചുവെങ്കിലും 5 സീറ്റേ ലഭിച്ചുള്ളൂ. 21 സീറ്റിൽ മത്സരിച്ച സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 19 സ്ഥലത്ത് വിജയം കണ്ടു.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 14 മന്ത്രിമാർ അടങ്ങുന്ന രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മുസ്ലീം ലീഗ് മന്ത്രിയും ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് കെ. കരുണാകരൻ ആയിരുന്നു. ഏഴു സ്ത്രീകൾ മത്സരിച്ചതിൽ അരൂരിൽ നിന്നും സി.പി.എമ്മിന്റെ കെ.ആർ. ഗൗരിയമ്മ മാത്രമായിരുന്നു ജയിച്ചത്.
സി.പി.എം, സി.പി.ഐ തർക്കങ്ങൾ തുടക്കത്തിലേ കല്ലുകടിയായി. സപ്തകക്ഷി മുന്നണിയിലെ മറ്റു ഘടകകക്ഷികളിലെ പടല പിണക്കങ്ങളും അഴിമതി ആരോപണങ്ങളും കാരണം ഇ.എം.എസ് മന്ത്രി സഭ രാജി വെച്ചു . സി.പി.ഐ യുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങളുടെ പുറത്തു നിന്നുള്ള പിന്തുണ സ്വീകരിച്ച് സി. അച്ചുതമേനോൻ 1969 നവംബർ ഒന്നിന് മുഖ്യമന്ത്രിയായി . എന്നാൽ കോൺഗ്രസ് - സി.പി.ഐ അസ്വാരസ്യവും ഘടക കക്ഷികളിലെ പടലപിണക്കങ്ങളും കാരണം 1970 ജൂൺ 26ന് നിയമസഭ പിരിച്ചുവിട്ടു. 1970 ആഗസ്ത് ഒന്നിന് മന്ത്രിസഭ രാജിവച്ചു.