പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ അനുമതിയില്ലെന്ന് കണ്ടെത്തൽ
അടിമാലി: ജില്ലയിലെ ആറ് പൊലീസ് കാന്റീനുകളിൽ വിജിലൻസിന്റെ പരിശോധന. അടിമാലി, മൂന്നാർ, കട്ടപ്പന, തൊടുപുഴ, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പൊലീസ് സ്റ്റേഷനുകളോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന ജനമൈത്രി കാന്റീനുകളുടെ കണക്കുകൾ സംബന്ധിച്ചും ആസ്തി സംബന്ധിച്ചുമാണ് തൊടുപുഴ വിജിലൻസ് വിഭാഗം പരിശോധന ആരംഭിച്ചത്. അനുമതി ഇല്ലാതെയാണ് പൊതുജനങ്ങളെ കാന്റീനുകളിൽ പ്രവേശിപ്പിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ പൊലീസ് കാന്റീനുകളുടെ പ്രവർത്തനം ഒന്നര മാസം മുമ്പ് ജില്ലാ പൊലീസ് മേധാവി വിലക്കിയിരുന്നു. തുടർന്ന് വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെടുകയും കഴിഞ്ഞ മാസം അവസാനത്തോടെ കാന്റീൻ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനിടെ കാന്റീനുകൾ ജില്ലാ പൊലീസ് സൊസൈറ്റിക്ക് കൈ മാറുന്നതിന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ നടപടി മന്ദഗതിയിലായി. ഇത്തരം സാഹചര്യം നില നിൽക്കുമ്പോഴാണ് കാന്റീനുകളുടെ പ്രവർത്തനം സംബന്ധിച്ചും വരവ് ചിലവ് കണക്ക് സംബന്ധിച്ചും പ്രവർത്തന മൂലധനം സംബന്ധിച്ചും പരിശോധന ആരംഭിച്ചത്. രാത്രി വൈകിയും പരിശോധന തുടരുകയാണ്.