കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജില്ലയിൽ ബി.ജെ.പി നേതാക്കളുടെ കൂട്ടയിടി. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ പലരും ആഗ്രഹം അറിയിച്ചു. യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്.
ഒമ്പത് മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ അഞ്ചിടത്താണ് ബി.ജെ.പി മത്സരിച്ചത്. മൂന്നിടത്ത് ബി.ഡി.ജെ.എസും ഒരിടത്ത് പി.സി തോമസിന്റെ കേരളാ കോൺഗ്രസും മത്സരിച്ചു. കേരളാ കോൺഗ്രസ് മുന്നണി വിട്ടതോടെ കടുത്തുരുത്തി സീറ്റ് ബി.ജെ.പി ഏറ്റെടുക്കും.
നീണ്ട നിര
തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിലെ ഗ്രൂപ്പ് കലഹവും ഉച്ചസ്ഥായിയിലായി. കോട്ടയം, പാലാ, പുതുപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലേയ്ക്ക് കൂട്ടയിടിയാണ്. മുരളീധര- കൃഷ്ണദാസ് പക്ഷങ്ങൾ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കോട്ടയം
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, മുൻ നഗരസഭാ കൗൺസിലർ ടി.എൻ. ഹരികുമാർ, അഡ്വ.നാരായണൻ നമ്പൂതിരി എന്നിവരെയാണ് കോട്ടയം സീറ്റിലേയ്ക്ക് പരിഗണിക്കുന്നത്. യുവമോർച്ചയുടെ നേതാവെന്ന പരിഗണന അഖിലിന് ഗുണം ചെയ്യുന്നു. നഗരസഭാ കൗൺസിലറെന്ന നിലയിലെ ബന്ധമാണ് ഹരികുമാർ മുന്നോട്ടുവയ്ക്കുന്നത്. മുതിർന്ന അംഗമെന്ന പരിഗണന ലഭിച്ചാൽ നാരായണൻ നമ്പൂതിരിക്കും ഗുണകരമാകും.
പുതുപ്പള്ളി
മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരിയും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുര്യനും പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. ഇരുവരും മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു.
പാലാ
രണ്ട് തവണ തുടർച്ചയായി മത്സരിച്ചെങ്കിലും പാലായിലേയ്ക്ക് വീണ്ടും പോകാൻ ഹരിക്ക് താത്പര്യമില്ല. ജോർജ് കുര്യൻ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്, സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ എന്നിവരിലാർക്കും നറുക്കുവീഴാം.
കാഞ്ഞിരപ്പള്ളി
പള്ളിക്കത്തോട് പഞ്ചായത്തിൽ ഭരണം ലഭിച്ചതും ചിറക്കടവ്, വാഴൂർ, വെള്ളാവൂർ, കറുകച്ചാൽ പഞ്ചായത്തുകളിലെ സ്വാധീനവുമാണ് നേതാക്കൾ കാഞ്ഞിരപ്പള്ളി കണ്ണുവയ്ക്കാൻ കാരണം. ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ.ജെ.പ്രമീളാദേവി, അഡ്വ.ജി.രാമൻ നായർ, കഴിഞ്ഞ തവണ മത്സരിച്ച വി.എൻ. മനോജ് എന്നിവർക്ക് താത്പര്യമുണ്ട്.
കടുത്തുരുത്തി
ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, പി.ജി.ബിജുകുമാർ എന്നിവരെയാണ് പരിഹരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിന് നൽകാൻ തീരുമാനിച്ചാൽ മണ്ഡലത്തിൽ നിന്ന് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ആളും വരാം.
ചങ്ങനാശേരി
അഡ്വ. ബി.രാധാകൃഷ്ണമേനോൻ, അഡ്വ.ജി.രാമൻ നായർ, മണ്ഡലം നേതാക്കളായ എ.മനോജ്, ബി.ആർ. മഞ്ജീഷ് എന്നിവരിലാരെങ്കിലും മത്സരിക്കും.
മുന്നൊരുക്കങ്ങളുമായി ബി.ഡി.ജെ.എസ്
കോട്ടയം: കഴിഞ്ഞ തവണ പൂഞ്ഞാർ, വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. പൂഞ്ഞാറിലടക്കം ബി.ഡി.ജെ.എസ് ശക്തമായ പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്. പൂഞ്ഞാറിൽ കഴിഞ്ഞ തവണ മത്സരിച്ച എം.ആർ. ഉല്ലാസും വൈക്കത്ത് എൻ.കെ. നീലകണ്ഠൻ മാസ്റ്ററും തന്നെയായിരിക്കും ഇക്കുറിയും മത്സരിക്കുക. ഏറ്റുമാനൂരിൽ ബി.ഡി.ജെ.എസ് മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.പി.സെൻ പറഞ്ഞു. ഇവിടെ എ.ജി.തങ്കപ്പനാണ് സാദ്ധ്യതയെങ്കിലും അദ്ദേഹം സ്വയം ഒഴിവായാൽ മാത്രമേ മറ്റാരെയെങ്കിലും പരിഗണിക്കൂ.