അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ കൃത്യമായി പ്രവർത്തിക്കുന്നില്ല. പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം ശരിയായ വിധത്തിലല്ല. ഗതാഗതകുരുക്കും വാക്ക് തർക്കവും സ്ഥിര സംഭവമായതോടെയാണ് നാളുകൾക്ക് മുമ്പ് പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകൾ സ്ഥാപിച്ചത്. മാസങ്ങൾ പിന്നിട്ടതോടെ ഒരു ഭാഗത്തെ സിഗ്നൽ നിലയ്ക്കുകയും മറുഭാഗത്ത് പ്രവർത്തനം കാര്യക്ഷമമല്ലാതാവുകയും ചെയ്തു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുകയും വലിയ വാഹനങ്ങൾ കൂടുതലായി എത്തി തുടങ്ങുകയും ചെയ്തതോടെ പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണാവശ്യം. സിഗ്നൽ സ്ഥാപിച്ച കാലയളവിലും നിശ്ചിത സമയം ക്രമീകരിച്ച് പാലത്തിലൂടെയുള്ള ഗതാഗതം കാര്യക്ഷമമാക്കിയിരുന്നില്ല. സമയക്രമീകരണത്തിലൂടെ പാലത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നു പോകാൻ അവസരമൊരുക്കണമെന്നാണ് ആവശ്യം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലത്തിലൂടെ ഒരു വലിയ വാഹനവും ഒരു ചെറിയ വാഹനവും മാത്രമേ ഒരു സമയത്ത് കടന്നു പോകൂ. വഴിപരിചിതമല്ലാതെത്തുന്ന വലിയ വിനോദ സഞ്ചാര വാഹനങ്ങൾ പലപ്പോഴും ഒരേ സമയം പാലത്തിൽ കയറുന്നതും വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും പതിവാണ്. ഇത് പലപ്പോഴും പാലത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടാൻ കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി പാലത്തിന്റെ ഇരുഭാഗത്തുമുള്ള സിഗ്നൽ കാര്യക്ഷമമാക്കണമെന്നാണാവശ്യം.