അടിമാലി: ജാതിക്കാ തോട്ടത്തിൽ ഒരു ജാതി നോട്ടവുമായി നിൽക്കുകയാണ് ഹൈറേഞ്ചിലെ കർഷകർ. ജാതിക്കയുടെ വില ഉയർന്നതാണ് കർഷകർക്ക് പ്രതീക്ഷ നൽകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ജാതിക്കായ്ക്കും ജാതിപത്രിക്കും ഇപ്പോൾ ഇരട്ടി വില ലഭിക്കുന്നുണ്ട്. കുരുമുളകിനും ഗ്രാമ്പുവിനും ഉൾപ്പെടെ വിലയിടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ജാതിക്കായ്ക്ക് ലഭിക്കുന്ന ഉയർന്ന വില പല കർഷകർക്കും വലിയ ആശ്വാസമാകും. ഏറ്റവും മുന്തിയ ഒരു കിലോ ജാതിപത്രിക്ക് നിലവിൽ രണ്ടായിരത്തിന് മുകളിലാണ് വിപണി വില. ജാതിക്കായ്ക്ക് 370ന് അടുത്തും വില ലഭിക്കും. നാളുകൾക്ക് മുമ്പ്, ഉയർന്ന വില ലഭിച്ചിരുന്ന ജാതിയുടെ വില പിന്നീട് കുത്തനെ കൂപ്പുകുത്തിയിരുന്നു. ശേഷം പടിപടിയായി ഉയർന്നാണ് ഇപ്പോഴത്തെ മെച്ചപ്പെട്ട വിലയിലേക്കെത്തിയത്. പ്രളയാനന്തരം ചില തോട്ടങ്ങളിൽ ജാതി മരങ്ങൾ ഉണങ്ങിപ്പോകുന്ന അവസ്ഥയും ഉടലെടുത്തിരുന്നു. പ്രളയത്തെ തുടർന്നുണ്ടായ കാലവർഷത്തിൽ പല കർഷകരുടെയും ജാതിമരങ്ങൾ വലിയ തോതിൽ കടപുഴകി നശിച്ചിരുന്നു. ഇപ്പോൾ ലഭിച്ചിട്ടുള്ള ഉയർന്ന വില ജാതി കൃഷിക്ക് കൂടുതൽ പരിഗണന നൽകാൻ ഹൈറേഞ്ചിലെ കർഷകർക്ക് പ്രേരണ നൽകുന്നുണ്ട്.