paddy

വൈക്കം: തലയാഴം പഞ്ചായത്ത് 7 ാം വാർഡില മണ്ണാറംകണ്ടം പാടശേഖരത്തിലെ വിരിപ്പ് കൃഷിയുടെ വിളവെടുത്ത 1300 ക്വിന്റൽ നെല്ല് വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നു.
കൊയ്തിട്ട് 15 ദിവസം പിന്നിട്ടു. പാടവരമ്പിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് വെയിലും മഴയുമേറ്റ് സശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. നെല്ല് സംഭരിക്കാൻ ഏജൻസികൾ എത്തി യോഗ്യതാ മാനദണ്ഡം നടത്തി. പത്ത് ശതമാനം കിഴിവാണ് ഏജൻസികൾ ആവശ്യപ്പെടുന്നത്. ആറ് ശതമാനം വരെ കിഴിവ് നൽകാൻ പാടശേഖര സമിതി തയ്യാറാണ്. ഇത് സംബന്ധിച്ച തർക്കമാണ് സംഭരണം നീളാൻ കാരണം . നാൽപത് ലക്ഷം രൂപ വില വരുന്ന നെല്ലാണ് നിസ്സാര കാരണത്തിന്റെ പേരിൽ കെട്ടിക്കിടക്കുന്നത്. വായ്പയെടുത്തും പണയം വച്ചും കൃഷിയിറക്കിയ കർഷകർ തുക തിരിച്ചടക്കാൻ മാർഗമില്ലാതെ വിഷമിക്കുകയാണ്.

പരിഹാരമാകാതെ ചർച്ച

പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനിമോൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമേഷ് പി. ദാസ്, മെമ്പർമാരായ ഷീജ ഹരിദാസ്, ഭൈമി വിജയൻ, ടി. മധു, പാഠശേഖര സമിതി അംഗം ടോമി പത്തുപറ, മുൻ പഞ്ചായത്തംഗം ഇ. വി. അജയകുമാർ എന്നിവർ പാടശേഖരം സന്ദർശിച്ച് കർഷകരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.

 കൃഷിയിറക്കിയത് 66 ഏക്കറിൽ

 കൃഷി ചെയ്തത് 55 കർഷകർ

 ഏക്കറിന് ചെലവ് 35, 000 രൂപ

കേരളത്തെ അത്രയൊന്നും ബാധിക്കാത്ത കർഷക നിയമത്തിനെതിരെ അഹോരാത്രം പോരാടുന്ന സർക്കാരും രാഷ്ട‌്രീയ നേതൃത്വവും നമ്മുടെ ചുറ്റുവട്ടത്തെ നെൽ കർഷകരുടെ കണ്ണീർ കാണുന്നില്ലേ‌.

- വിജയപ്പൻ, വൈക്കം