കോട്ടയം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മറ്റൊരു സുഹൃത്തിനെയും ഗുണ്ട ജിബിൻ കുത്തിപ്പരിക്കേൽപ്പിച്ചു . നേരത്തെയും കുത്തുകേസിൽ പ്രതിയായ ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയിയെ (കുരുടി 24) കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കാരാപ്പുഴ സ്വദേശിയായ പെൺകുട്ടിയുടെ പേരിലാണ് ആക്രമണങ്ങൾ.
കഴിഞ്ഞ ദിവസം രാത്രി തടത്തിപ്പറമ്പ് ഭാഗത്തായിരുന്നു പുതിയ കത്തിക്കുത്ത്. 2019 ഒക്ടോബറിൽ കാരാപ്പുഴ പയ്യമ്പള്ളിച്ചിറയിൽ സുജിത്തിനെ (23) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ജിബിൻ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കാരാപ്പുഴ സ്വദേശിയായ വിഘ്‌നേഷിനെ കുത്തിയത്.
ജൂനിയർ എസ്.ഐ അഖിൽ ദേവ്, എ.എസ്.ഐ നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് എന്നിവരും ഗാന്ധിനഗർ പൊലീസും ചേർന്നാണ് ജിബിനെ പിടികൂടിയത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ജിബിൻ കത്തിയുമായാണ് നടക്കുക പതിവ്. ഗുണ്ടാ മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ജിബിനെതിരെ കാപ്പ ചുമത്തിയേക്കും.