ഏലത്തോട്ടങ്ങളിൽ തണലൊരുക്കൽ തകൃതി
കട്ടപ്പന: ഇടവിട്ടുള്ള മഴയ്ക്കുശേഷം പകൽച്ചൂട് വർദ്ധിച്ചതോടെ കർഷകർ ഏലച്ചെടികൾക്ക് തണലൊരുക്കി തുടങ്ങി. രണ്ടാഴ്ചയായി വേനൽ ശക്തമായതോടെ ജലസ്രോതസുകളിൽ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മുൻകരുതലായി പച്ച നിറത്തിലുള്ള നെറ്റ് പന്തൽ പോലെ വലിച്ചുകെട്ടി ചെടികൾക്ക് സംരക്ഷണമൊരുക്കുന്നത്. ഹൈറേഞ്ചിൽ വേനൽക്കാലത്ത് ഏലച്ചെടികൾ കരിഞ്ഞുണങ്ങി നശിക്കുന്നത് പതിവായിരുന്നു. ജലസ്രോതസുകൾ വറ്റിവരളുന്നതോടെയാണ് മരങ്ങളില്ലാത്ത സ്ഥലങ്ങളിൽ കൃത്രിമമായി തണലൊരുക്കാൻ തുടങ്ങിയത്. മുൻവർഷങ്ങളിലേതുപോലെ ഇത്തവണ വേനൽ രൂക്ഷമാകുന്നതിനുമുമ്പേ തണലൊരുക്കൽ തകൃതിയായി നടക്കുകയാണ്.
വരൾച്ച രൂക്ഷമാകുന്നതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉത്പാദനവും കൂടുതലാണ്. അതേസമയം ഏലയ്ക്കയുടെ വലിയ സീസൺ അവസാന ഘട്ടത്തിലാണ്. ഇനിയുള്ള മാസങ്ങളിൽ ചെറിയതോതിൽ വിളവെടുപ്പ് നടക്കുമെങ്കിലും സീസണിനെ അപേക്ഷിച്ച് നാലിലൊന്ന് വിളവ് മാത്രമേ ലഭിക്കൂ. ജൂൺ- ജൂലായ് മാസങ്ങളിലാണ് അടുത്ത സീസൺ ആരംഭിക്കുന്നത്. നിലവിൽ തോട്ടങ്ങളിലും പുരയിടങ്ങളിലും കവാത്ത് (ചെടി ഒരുക്കൽ), വളമിടീൽ, കീടനാശിനി തളിക്കൽ, ചുവടിളക്കൽ, മണ്ണിടീൽ ജോലികളാണ് നടക്കുന്നത്.
തണലിന് നല്ല ചെലവ്
മരങ്ങൾ കുറവുള്ള ഒരു ഏക്കർ സ്ഥലത്ത് നെറ്റ് ഉപയോഗിച്ച് തണലൊരുക്കാൻ 55,000 രൂപയോളം ചെലവാകും. 50 മീറ്റർ നീളമുള്ള ഒരു റോൾ നെറ്റിന് 1300 മുതൽ 1750 രൂപ വരെയാണ് വില. വിലക്കൂടുതലുള്ള നെറ്റ് നാലുവർഷം വരെ ഉപയോഗിക്കാം. മരങ്ങളില്ലാത്ത സ്ഥലങ്ങളിൽ നെറ്റ് വലിച്ചുകെട്ടാൻ പൈപ്പോ മരത്തിന്റെ തൂണോ സ്ഥാപിക്കണം. ഗ്രാന്റീസ് മരങ്ങളുടെ തൂണുകൾ 100 രൂപ നിരക്കിലും ലഭ്യമാണ്. കൂടാതെ കയർ, കമ്പി, തൊഴിലാളികളുടെ കൂലി തുടങ്ങിയവയെല്ലാം കണക്കാക്കുമ്പോൾ ചെലവ് കൂടുതലാണെങ്കിലും വേനലിനെ പ്രതിരോധിക്കാൻ മറ്റു മാർഗങ്ങളില്ല.
മികച്ച വില പ്രതീക്ഷ
ലോക്ക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും ഏലയ്ക്കയുടെ ഭേദപ്പെട്ട വില കർഷകർക്ക് പ്രതീക്ഷ നൽകുന്നു. ഏലയ്ക്ക കിലോഗ്രാമിന് ശരാശരി 1500 രൂപ വിലയുണ്ട്. സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ 1550 രൂപയാണ് ശരാശരി വില. ഒരാഴ്ചയ്ക്കിടെ 100 രൂപയുടെ കുറവുണ്ടായി.