കട്ടപ്പന: ജില്ലയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി വേട്ടയ്ക്ക് ഒരുങ്ങുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. ആദ്യ പടിയായി വായ്പയെടുത്തവരുടെ വീട്ടിലേക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. മൊറട്ടോറിയം കാലയളവിലെ ഉൾപ്പെടെ പിഴപ്പലിശയും നോട്ടീസ് പടിയും ചുമത്തിയാണ് വായ്പയെടുത്തവർക്ക് നോട്ടീസ് നൽകുന്നത്. കാർഷിക മേഖല തകർച്ച നേരിടുമ്പോഴുള്ള ജപ്തി വേട്ട അംഗീകരിക്കാനാകില്ല. ജപ്തി ഭീഷണിമൂലം 15ൽപരം കൃഷിക്കാർ ആത്മഹത്യ ചെയ്ത ഇടുക്കിയുടെ നിലവിലെ സാഹചര്യം പോലും പരിഗണിക്കാതെയുള്ള നടപടി പഞ്ചായത്ത് തലത്തിൽ തടയും. ആദ്യഘട്ടമായി വായ്പയെടുത്ത് നടപടി നേരിടുന്നവരുടെ പഞ്ചായത്ത് തല യോഗം ചേരും. അടുത്തഘട്ടത്തിൽ ജില്ലയിലെ കേരള ബാങ്ക് ശാഖകൾക്ക് മുമ്പിൽ ധർണയും നടത്തും. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇതിനായി സഹായ കേന്ദ്രങ്ങൾ ആരംഭിക്കും. എവിടെയെങ്കിലും ജപ്തി നടപടിയുമായി മുന്നോട്ടുപോയാൽ ചെറുക്കും. കൃഷിഭവൻ വഴി നൽകിയ പ്രളയ ദുരിതാശ്വാസം കുറഞ്ഞുപോയി. അർഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ നൽകിയില്ല. 6000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച സർക്കാർ ജില്ലയിലെ ജനത്തെ കബളിപ്പിക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.