കട്ടപ്പന: എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം ഒളിഞ്ഞും തെളിഞ്ഞും അന്വേഷിച്ചിട്ടും തെളിവില്ലാത്ത സോളാർ കേസ് സി.ബി.ഐയെ ഏൽപ്പിക്കാനുള്ള തീരുമാനം സി.പി.എമ്മിന് തന്നെ നഷ്ടങ്ങളുണ്ടാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന് ജനം തിരിച്ചടി നൽകും. ഇപ്പോഴത്തെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ഇതൊന്നും ഇവിടെ ചിലവാകില്ല. മൂന്ന് ഉന്നതരായ ഐ.പി.എസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് തള്ളിയതും സുപ്രീംകോടി ജഡ്ജി കഴമ്പില്ലെന്നു നിയമോപദേശം നൽകിയതുമായ കേസാണിത്. ലൈഫ് മിഷൻ കോഴയിടപാടും പെരിയ ഇരട്ടക്കൊലപാതക കേസും സി.ബി.ഐ അന്വേഷിക്കാതിരിക്കാൻ കോടികൾ ചിലവഴിച്ചവരും സി.ബി.ഐ അന്വേഷിക്കാതിരിക്കാൻ നിയമം പാസാക്കുകയും ചെയ്തവരാണ് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.