കോട്ടയം: സർക്കാർ ഓഫീസുകളടക്കം പൂർണ തോതിലായിട്ടും പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താത്തതിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റെയിൽവേയ്ക്ക് കത്ത് നൽകിയെങ്കിലും തീരുമാനം വൈകുകയാണ്.
സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായി പ്രവർത്തനം തുടങ്ങിയിട്ടും ട്രെയിനുകളുടെ കാര്യത്തിൽ മാത്രം അധികൃതർ തീരുമാനമെടുത്തിട്ടില്ല. പാസഞ്ചർ, മെമു സർവീസുകൾ ഓടിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടില്ലെന്നാണ് റെയിൽവേ പറയുന്നത്. ഈ സാഹചര്യത്തിലാണ് അൺറിസർവ്ഡ് ട്രെയിനുകൾ ഓടിക്കാൻ നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച സംസ്ഥാനം കത്തു നൽകിയത്.
കൊവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങൾക്കു ശേഷം ഓഫീസുകൾ പ്രവർത്തനസജ്ജമായെങ്കിലും യാത്രാപ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. ജോലിക്കാർക്കും വിദ്യാർത്ഥികൾക്കും ചെലവുകുറഞ്ഞ യാത്രാമാർഗമായിരുന്നു പാസഞ്ചർ, മെമു സർവിസുകൾ. നിലവിൽ സ്‌പെഷൽ ട്രെയിനുകൾ ഉണ്ടെങ്കിലും റിസർവേഷൻ ആയതിനാൽ സ്ഥിരം യാത്രക്കാർക്കു പ്രയോജനപ്പെടുന്നില്ല. ടിക്കറ്റ് ചാർജും കൂടുതലാണ്.
ഐ.ആർ.ടി.സി ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പരിമിതികളുണ്ട്. സ്‌റ്റേഷനിൽ ചെന്ന് വരി നിന്ന് ടിക്കറ്റ് എടുക്കൽ പ്രായോഗികവുമല്ല. പ്രതിമാസം അഞ്ഞൂറ് രൂപയിൽ താഴെ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുമ്പോൾ ഇപ്പോൾ അത് 5000 രൂപവരെ എത്തും. യാത്രാക്കൂലിയായി പ്രതിമാസം വലിയൊരു തുക ചെലവാകുന്നതുമൂലം സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡ് കാലത്ത് സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളം വെട്ടിക്കുറച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.
പാസഞ്ചർ സർവീസ് തുടങ്ങുകയും സ്‌റ്റേഷനിൽ തന്നെ ടിക്കറ്റെടുക്കാൻ സൗകര്യം നൽകുകയും സീസൺ ടിക്കറ്റ് അനുവദിക്കുകയും ചെയ്താൽ മാത്രമേ ഉപകാരമുള്ളൂ. തിരക്കു വർദ്ധിക്കുമെന്നതാണ് പ്രശ്‌നമെങ്കിൽ താൽക്കാലികമായി ജോലിക്കാർക്കും വിദ്യാർത്ഥികൾക്കുമായി പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം.
'' റെയിൽവേയുടേത് നിഷേധാത്മക നിലപാടാണ്. നിരവധി നിവേദനങ്ങളാണ് റെയിൽവേയ്ക്ക് നൽകിയത്. നടപടിയുണ്ടായില്ലെങ്കിൽ പ്രത്യേക്ഷ സമരത്തിലേയ്ക്ക പോകേണ്ടിവരും''
ജെ.ലിയോൺ, സെക്രട്ടറി, ഫ്രൻഡ്‌സ് ഓൺ റെയിൽ