ചങ്ങനാശേരി: ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ പെരുന്നയിൽ ചക്ക മഹോത്സവം നടക്കും. എം.സി റോഡിൽ പെരുന്ന കോഫീ ഹൗസിന് സമീപം രാവിലെ 8.30 ന് ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയാണ് പ്രവേശനം. വിവിധ പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ പരിധികളിലെ കുടംബശ്രീ, പുരുഷ സ്വയംസഹായ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ചക്ക, കൂൺ മഹോത്സവം നടത്തുന്നത്. ചക്കയിൽനിന്നുള്ള ഉത്പന്നങ്ങളായ ചക്ക ഹൽവ, ചക്കവരട്ടി, ചക്ക ചമ്മന്തിപൊടി, ചക്ക അച്ചാർ, ചക്ക സ്‌ക്വാഷ്, ചക്ക ഐസ്‌ക്രീം, ചക്ക വറുത്തത്, ചക്ക പപ്പടം, ചക്ക ജാം, ചക്ക ചോക്ലേറ്റ് ,ചക്ക പായസം ചക്ക ഉണ്ണിയപ്പം എന്നിവ ലഭ്യമാണ്.

തേനിന്റെ ഉത്പന്നങ്ങളായ മാതളം തേൻ, നെല്ലിക്ക തേൻ, കാന്താരി തേൻ, മഞ്ഞൾ തേൻ, ബ്രഹ്മി തേൻ, പൂമ്പൊടി , വൻതേൻ, ചെറുതേൻ എന്നിവയും കൂണിൽ നിന്നുള്ള കൂൺ സോപ്പ്, കൂൺ ഓയിൽ, കൂൺ അച്ചാർ, കൂൺ വിറ്റ, ഡ്രൈ കൂൺ, ഫ്രഷ് കൂൺ, കൂൺ ചമ്മന്തിപ്പൊടി എന്നിവയും നിരവധി കുടുംബശ്രീ, ആയുർവേദ ഉത്പന്നങ്ങളും നെല്ലിക്കയിൽ നിന്നുള്ള ഹെൽത്ത് ഡ്രിങ്കും ലഭ്യമാണ്. ഒന്നര വർഷം കൊണ്ട് കായ്ക്കും വിയറ്റ്‌നാം ഏർളി ആയുർ ജാക്ക് പ്ലാവിൻ തൈകളും ആറുമാസം കൊണ്ട് കായ്ക്കുന്ന തായ്ലൻഡ് ആൾ സീസൺ മാവിൻ തൈകളും തെങ്ങിൻ തൈകളും നിരവധി പച്ചക്കറി പൂച്ചെടി വിത്തിനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 9ന് സമാപിക്കും. പ്രവേശനം സൗജന്യമാണെന്ന് സംഘാടക സമിതി അംഗങ്ങളായ വിജയകുമാർ അടൂർ, ആനന്ദ് പാലക്കാട് എന്നിവർ അറിയിച്ചു.