കോട്ടയം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ചടങ്ങ് ഇന്ന് രാവിലെ ഒൻപതു മുതൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ദേശീയ പതാക ഉയർത്തും.
കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചടങ്ങിൽ പൊലീസിന്റെ മൂന്നു പ്ലറ്റൂണുകളും വനം വകുപ്പിന്റെയും എക്‌സൈസിന്റെയും ഓരോ പ്ലറ്റൂണുകളും മാത്രമാണ് പങ്കെടുക്കുക. ജില്ലാ കളക്ടർ എം. അഞ്ജനയും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും അഭിവാദ്യം സ്വീകരിക്കും.
മാർച്ച് പാസ്റ്റ് ഉണ്ടാവില്ല. കോട്ടയം ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ റിസർവ് ഇൻസ്‌പെക്ടർ എം.കെ. ചന്ദ്രശേഖരനാണ് പരേഡ് കമാൻഡർ. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.