സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ച് പൂർണ സ്വാതന്ത്ര്യം നേടിയ ഇന്ത്യ പിന്നെയും ഏതാണ്ട് മൂന്നു വർഷത്തിനിപ്പുറം 1950 ജനുവരി 26നാണ് സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായത്. പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ് അന്നു ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയതോടെ ജനങ്ങൾക്കവേണ്ടി, ജനങ്ങൾ ഭരിക്കുന്ന, ജനങ്ങളുടെ ഭരണകൂടം എന്ന ആശയം സാക്ഷാത്കരിക്കപ്പെട്ടു. ഇന്ത്യയ്ക്ക് സ്വന്തമായ ഭരണഘടന നിലവിൽ വന്ന ദിവസം കൂടിയാണ് റിപ്പബ്‌ളിക് ദിനം. ഡോ. ബാബ സാഹിബ് അംബേദ്കറുടെ നേതൃത്വത്തിലാണ് ഭരണഘടന എഴുതപ്പെട്ടത്. 1947 നവംബർ 4 ന് ആദ്യ കരട് പൂർത്തിയായെങ്കിലും ഭരണഘടനാ നിർമാണസഭയുടെ അംഗീകാരം ലഭിച്ചത് 1949 നവംബർ 26 നാണ്. നിലവിൽ വന്നത് 1950 ജനുവരി 26 നും. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയതാണെന്നതാണ് നമ്മുടെ ഭരണഘടനയുടെ സവിശേഷത. മൊത്തം 448 ആർട്ടിക്കിളുകളാണ് അതിലുള്ളത് . ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതപ്പെട്ടിരിക്കുന്നു. ഭരണഘടനാ ശില്പികൾ മറ്റ് രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് മികച്ച ആശയങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നാം ഏറെ കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം ഫ്രഞ്ച് ഭരണഘടനയിൽ നിന്നാണ് കടം കൊണ്ടത്. റിപ്പബ്ലിക് ദിന പരേഡാണ് ദിനാഘോഷങ്ങളിൽ പ്രധാനം. ആദ്യ പരേഡ് നടക്കുന്നത് 1955 ലാണ്. മറ്റൊരു റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യൻ വ്യോമസേന ഒരു സ്വതന്ത്ര സ്ഥാപനമായി നിലവിൽ വന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കീർത്തി ചക്രം, പത്മ , ഭാരത് രത്‌ന തുടങ്ങിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. അടുത്ത വർഷം ദിനാഘോഷങ്ങളിൽ അതു സമ്മാനിക്കുകയും ചെയ്യും. അപവാദങ്ങൾ ഉണ്ടെങ്കിലും എല്ലാ വർഷവും ഏതെങ്കിലും രാജ്യത്തിന്റെ ഭരണാധികാരിയെ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിക്കുകയെന്നതാണ് ചടങ്ങ്. ആദ്യറിപ്പബ്‌ളിക് ദിനത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ഡോ. സുകർണോ ആയിരുന്നു അതിഥി. 1955 ൽ രജ്പഥിൽ ആദ്യത്തെ പരേഡ് നടന്നപ്പോൾ പാകിസ്ഥാൻ ഗവർണർ ജനറലായ മാലിക് ഗുലാം മുഹമ്മദിനെയും ക്ഷണിച്ചു. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസനാരോ ആയിരുന്നു നമ്മുടെ അതിഥി. എന്നാൽ ഇക്കുറി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ചുവെങ്കിലും കൊവിഡിന്റെ പ്രത്യേക സാഹചര്യം മുൻനിർത്തി സന്ദർശനം റദ്ദാക്കുകയായിരുന്നു. അതിഥിയില്ലെന്നതു മാത്രമല്ല, വിവാദ കർഷക ബില്ലിൽ പ്രതിഷേധിച്ച് രണ്ടര ലക്ഷം ട്രാക്ടറുകളുമായി കർഷകർ നടത്തുന്ന ബദൽറാലിയും ഈ റിപ്പബ്‌ളിക് ദിനത്തെ ചരിത്രത്തിൽ രേഖപ്പെടുത്തും. 90 വർഷത്തിലേറെക്കാലത്തെ പ്രക്ഷോഭത്തിന്റെ അനന്തര ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. മുസ്ലിം ആധിപത്യമുള്ള പാക്കിസ്ഥാൻ സ്വതന്ത്ര ഇന്ത്യയിൽ നിന്ന് വേറിട്ടു പോയി എന്നത് അതിന്റെ വേദനാജനകമായ മറുവശവും. ഒരർത്ഥത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വളർന്നുവന്ന സംഘർഷങ്ങൾ ഏകീകൃത മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള വഴി തുറന്നുവെന്നു കരുതുന്നവരുമുണ്ട്. എന്നാൽ സ്വാതന്ത്ര്യം മതവർഗീയതയെ നിയന്ത്രിക്കുന്നതിനു പരിഹാരമായോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ടുതാനും.