ചങ്ങനാശേരി: വേനൽ ചൂടിലേക്ക് കടക്കുന്നതിന് മുമ്പേ ശീതള പാനീയങ്ങളുടെ വിപണി സജീവമായി. പാതയോരങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും എല്ലാം തന്നെ ഇളനീർ വ്യാപാരവും മറ്റ് പാനീയങ്ങളുടെയും വിപണി തകൃതിയായി നടക്കുന്നുണ്ട്. വാഹനങ്ങളിലും ചെറിയ തട്ടുകളും ക്രമീകരിച്ചാണ് വിപണനം നടക്കുന്നത്. ചങ്ങനാശേരി എ.സി റോഡ്, എം.സി റോഡ്, വാഴൂർ റോഡ്, റെയിൽവേ റോഡ്, ബൈപ്പാസ് റോഡുകൾ എന്നിവിടങ്ങളിലാണ് കച്ചവടം പുരോഗമിക്കുന്നത്. ചൂട് ഉണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിപണിയെയും ബാധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലേതിനേക്കാൾ കച്ചവടം കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. നാടൻ കരിക്കുകൾക്ക് 30, 40, 50 എന്നിങ്ങനെയാണ് വില വരുന്നത്. ഇവ ലഭിക്കുന്നതിനും പ്രയാസമാണ്. പാലക്കാട് നിന്നാണ് കൂടുതൽ ഇളനീരുകൾ എത്തുന്നത്. പാലക്കാടൻ ഇളനീരിന് 40 രൂപ വിലവരുമ്പോൾ ഡിമാൻഡ് കൂടുതലുള്ള ചെന്തെങ്കിന് 50 രൂപയാണ് വില. കൂടാതെ കരിമ്പന കരിക്കും വിപണിയിൽ ഉണ്ട്. ഇവ കൂടുതലായും തമിഴ്‌നാട്ടിൽ നിന്നാണ് എത്തുന്നത്. കരിക്ക് മാത്രമല്ല, മറ്റ് പല ചൂട് കാലത്തെ പ്രതിരോധിക്കുന്നതിനായി തണ്ണീർമത്തൻ, കൈതച്ചക്ക, കരിമ്പ്, നാരങ്ങ, ഓറഞ്ച്, ഏത്തക്ക തുടങ്ങിയവയുടെ കച്ചവടവും പാതയോരങ്ങളിൽ തകൃതിയായ നടക്കുന്നുണ്ട്. വിപണിയിൽ വില കുറവായതിനാൽ വഴിയോര വാഹനക്കച്ചവടമാണ് പുരോഗമിക്കുന്നത്. 4 കിലോയ്ക്ക് 100 രൂപ എന്ന നിരക്കിലാണ് ഓറഞ്ച്, കൈതച്ചക്ക, ഏത്തക്ക തുടങ്ങിയവ വില്ക്കുന്നത്. തണ്ണിമത്തനും സുലഭമായി തുടങ്ങി. കൊവിഡ് പ്രതിസന്ധി മൂലം ജോലി ഇല്ലാതായ നിരവധി അഭ്യസ്തവിദ്യരാണ് വഴിയോര വ്യാപാര രംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുന്നത്.