1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായെങ്കിലും ഒരു വർഷത്തിനുള്ളിൽ രാജൻ കേസിൽ കുടുങ്ങി രാജിവെക്കേണ്ടി വന്നു. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയായെങ്കിലും ചിക്കമംഗലൂർ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് അദ്ദേഹവും രാജിവെച്ചു. ആന്റണിക്കു പകരം സി.പി.ഐയുടെ പി.കെ.വാസുദേവൻ നായർ മുഖ്യമന്ത്രിയായെങ്കിലും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന സി.പി.ഐ ദേശീയ തലത്തിൽ എടുത്ത തീരുമാനത്തിന്റെ പേരിൽ രാജിവെച്ചു. പകരം മുസ്ലീംലീഗിലെ സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായെങ്കിലും അദ്ദേഹത്തിനും സ്ഥാനമൊഴിയേണ്ടിവന്നു. അങ്ങനെ രണ്ടു വർഷത്തിനുള്ളിൽ നാലു മുഖ്യമന്ത്രിമാർ കേരളം ഭരിച്ച റെക്കാഡിന് സാക്ഷിയായ നിയമസഭയും കാലാവധി പൂർത്തിയാകുംമുമ്പ് പിരിച്ചു വിടേണ്ടിവന്നു.
1977ലെ തിരഞ്ഞെടുപ്പിലാണ് മണ്ഡലങ്ങളുടെ എണ്ണം 133ൽ നിന്ന് 140 ആയത്. ഇതിൽ 14 സീറ്റുകൾ സംവരണമണ്ഡലങ്ങളായിരുന്നു. കോൺഗ്രസ്, സി.പി.ഐ, മുസ്ളിംലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് എന്നിവയടങ്ങിയ ഐക്യമുന്നണിയെ. എൻ.ഡി.പിയും പി.എസ്.പിയും പിന്താങ്ങി. ഈ സഖ്യം 140ൽ 111 സീറ്റിൽ വിജയിച്ചു. കോൺഗ്രസ്–38, സി.പി.ഐ–23, കേരള കോൺഗ്രസ്–20, മുസ്ളിംലീഗ്–13, ആർ.എസ് .പി–9, എൻ.ഡി.പി 5, പി.എസ്.പി–3 എന്നിങ്ങനെയായിരുന്നു സീറ്റുനില. പ്രതിപക്ഷ പാർട്ടികളിൽ സി.പി.എമ്മിന് 17, ഭാരതീയ ലോക്ദളിന് 6, മുസ്ളിംലീഗ് വിമത വിഭാഗത്തിന് 3, കേരള കോൺഗ്രസ് വിമതർക്ക് 2, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്. സി.പി.ഐയിലെ ഭാർഗവി തങ്കപ്പൻ മാത്രമാണ് അത്തവണ നിയമസഭ കണ്ട വനിത.