kappan

കോട്ടയം: പാലായെ ചൊല്ലിയുള്ള മുറുമുറുപ്പ് എൻ.സി.പിയിൽ അങ്കലാപ്പായി മാറവേ, സീറ്റ് ജോസ് കെ.മാണി കൊണ്ടു പോകുമെന്ന് ഏറക്കുറെ ഉറപ്പായി. ഇന്നലത്തെ ഇടതുമുന്നണി യോഗത്തിൽ സീറ്റ് പ്രശ്നം ചർച്ച ചെയ്യാമെന്ന പ്രതീക്ഷയിലെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് വിഷയം അവതരിപ്പിക്കാനുള്ള അവസരം പോലും കിട്ടിയില്ല. മാണി സി.കാപ്പൻ മുന്നണി യോഗത്തിനെത്തിയതുമില്ല.

അര നൂറ്റാണ്ടായി കെ.എം.മാണി സ്വന്തം പേരിലാക്കിയിരുന്ന സീറ്റാണ് മാണി സി.കാപ്പനെ ഇറക്കി ഇടതുമുന്നണി പിടിച്ചെടുത്തത്. എന്നാലിന്ന്, ജോസ് ഇടത്തോട്ടു ചാഞ്ഞതാടെ ഉപതിരഞ്ഞെടുപ്പിൽ തോറ്റവരും ജയിച്ചവരും സീറ്റിനായി അങ്കം കുറിച്ചിരിക്കുന്നു.

'സീറ്റ് പിടിച്ചെടുത്ത എനിക്ക് സീറ്റില്ല.തോറ്റവർക്ക് സീറ്റ് ' ഇതെന്തു നീതിയെന്നാണ് മാണി സി. കാപ്പന്റെ ചോദ്യം. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ

ഇടതു മുന്നണിക്ക് അഭിമാനാർഹമായ ജയം സമ്മാനിച്ചത് ജോസ് കെ.മാണിയാണെന്ന് സി.പി.ഐ പോലും സമ്മതിക്കുമ്പോൾ, മുന്നണിക്ക് പ്രിയപ്പെട്ടവൻ ജോസ് തന്നെയെന്ന് കാപ്പൻ തിരിച്ചറിയുന്നു.

പാലാ ഉറപ്പാക്കിയതുപോലെ, ആയിരം കേന്ദ്രങ്ങളിൽ കെ.എം.മാണി സ്മൃതി സംഗമവുമായി ജോസ് പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.

കാപ്പന് വേണ്ടി ഇടതുമുന്നണി വിടരുതെന്ന ശശീന്ദ്രൻ വിഭാഗത്തിന്റെ നിലപാടിന് എൻ.സി.പിയിൽ ശക്തി കൂടുകയുമാണ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും മറ്റും ഇടപെടലോടെ, എൻ.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറും കാപ്പനോട് പഴയ ആവേശം കാണിക്കുന്നില്ല.

കാപ്പനാകട്ടെ ഇടതു മുന്നണി സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ യു.ഡി.എഫ് സ്വതന്ത്രനായാണെങ്കിലും പാലായിൽ മത്സരിക്കാൻ കച്ച മുറുക്കുകയാണ്. ഇതിനായുള്ള ചർച്ചകളും കാപ്പൻ നടത്തിക്കഴിഞ്ഞു. യു.ഡി.എഫാകട്ടെ, ഇടതു മുന്നണി വിട്ടു പുറത്തുവരുന്ന കാപ്പന്റെ തീരുമാനത്തിനായി കാത്തു നിൽക്കുകയുമാണ്.