വൈക്കം : വാഹന പരിശോധനയുടെ മറവിൽ മോട്ടോർവാഹനവകുപ്പ് നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മി​റ്റി ആവശ്യപ്പെട്ടു. വാഹന അപകടങ്ങൾ കുറയ്ക്കുന്നതിനും ആളുകൾക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനും ബോധവത്കരണം ഉൾപ്പടെ വിപുലമായ പരിപാടികളാണ് സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ആവിഷ്‌കരിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപ​റ്റിയ ഇത്തരം പ്രവർത്തനങ്ങളുടെ നിറം കെടുത്തുന്ന സമീപനമാണ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പേരിൽ ചിലർ വൈക്കത്ത് നടത്തുന്നത്. പെ​റ്റികേസുകൾ മാത്രം രജിസ്​റ്റർ ചെയ്യേണ്ട ചില കേസുകളിൽ പോലും ഗുരുതരമായ ക്രിമിനൽ കേസുകൾ പോലെയാണ് ഇവർ കൈകാര്യം ചെയ്യുന്നത്. ജനങ്ങളുടെ ഇടയിൽ ബോധപൂർവം അവമതിപ്പുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം നടപടികൾ. നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ നടത്തുന്ന ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. ഇത്തരം സമീപനങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എ.ഐ.വൈ.എഫ് മുന്നറിയിപ്പ് നൽകി.