nellu

വൈക്കം: പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുന്നു. അപ്പർ കുട്ടനാട്ടിൽ കർഷകർ പ്രതിസന്ധിയിൽ.

തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷി വിളവെടുത്തിട്ട് ഇരുപത് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചിട്ടില്ല. സപ്ലൈകോ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുകാർ നെല്ലിന്റെ ഈർപ്പത്തിന്റെയും പതിരിന്റേയും കാരണം പറഞ്ഞ് ഒരു ക്വിന്റൽ നെല്ലിന് 10 കിലോ കുറവ് ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. നെല്ല് സംഭരണം സപ്ലൈകോ തുടങ്ങിയ കാലത്ത് രണ്ടര കിലോ വരെയാണ് കുറച്ചിരുന്നത്. ഇത് അപ്പർകുട്ടനാട് മേഖലയിൽ മാത്രമാണുതാനും. കുട്ടനാടൻ മേഖലയിൽ ഈ രീതിയില്ല.

വർഷകൃഷി നശിച്ചതിനുശേഷം അപ്പർക്കുട്ടനാടിലെ എല്ലാ പാടശേഖരങ്ങളിലും പുഞ്ചകൃഷി ഇറക്കിയിരിക്കുകയാണ്. വർഷകൃഷിയുടെ നഷ്ടവും പുഞ്ചകൃഷിയുടെ ചെലവും ഈ വിളവെടുപ്പ് കൊണ്ട് പരിഹരിക്കപ്പെടുന്നതല്ല. തുടക്കത്തിലേതന്നെ മില്ലുകാരുടെ കടുംപിടിത്തം തുടർന്നുള്ള വിളവെടുപ്പിനേയും ബാധിക്കും.

നെല്ലിന്റെ സംഭരണവില ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ ഇനിയും വർദ്ധിപ്പിച്ചിട്ടില്ല. നെല്ല് സംഭരണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള സപ്ലൈകോ അധികാരികളുടെ നെല്ല് പരിശോധന ശാസ്ത്രീയമല്ലെന്നും പരാതിയുണ്ട്.

സർക്കാരിന്റെ ഉറപ്പ് വെറുതെ

നെല്ല് സംഭരിച്ചാൽ ഉടൻ തന്നെ പി.ആർ.എസ് എഴുതുമെന്നും പി.ആർ.എസ് ബാങ്കിൽ കൊടുത്താൽ ഉടൻ പണം ലഭിക്കുമെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല. നെല്ല് സംഭരിച്ചാൽ ദിവസങ്ങൾ കഴിഞ്ഞാണ് പി.ആർ.എസ് എഴുതുന്നത്. രസീത് ബാങ്കിൽ സ്വീകരിച്ചാൽ തന്നെ കർഷകർക്ക് മാസങ്ങൾ കഴിഞ്ഞാണ് പണം കിട്ടുന്നത്.

ഏജൻസികൾ ആവശ്യപ്പെടുന്ന കിഴിവ്:

10 കിലോ

പണ്ട് ഈടാക്കിയിരുന്നത്

2.5 കിലോ


'പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കുന്നതിന് എം എൽ എയും റവന്യൂവകുപ്പ്, ത്രിതലപഞ്ചായത്ത് അധികാരികളും ഉടൻ ഇടപെടണം."

- സി. എസ്.രാജു , ജില്ലാസെക്രട്ടറി, സി.പി.ഐ - എം.എൽ (റെഡ് ഫ്ലാഗ്)