കോട്ടയം: നാല് റോഡുകൾ ചേരുന്ന ഈരയിൽക്കടവിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി വാഹനയാത്രക്കാർ. രാവിലെയും വൈകിട്ടും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ഈരയിൽക്കടവിലെ റോഡിലുണ്ടാകുന്നത്. റോഡിനു വീതിയില്ലാത്തതും ജംഗ്ഷനിൽ തന്നെയുള്ള ഓട്ടോസ്റ്റാൻഡുമാണ് കുരുക്കിനിടയാക്കുന്നത്. നാലു വർഷം മുൻപ് ഈരയിക്കടവിൽ ബൈപ്പാസ് നിർമ്മാണം പൂർത്തിയായതോടെയാണ് വാഹനങ്ങൾ ഈവഴിയെ കൂടുതലായി ആശ്രയിച്ചത്. ഇതോടെ കോട്ടയം നഗരത്തിലെ കുരുക്കിൽപ്പെടാതെ വാഹനങ്ങൾക്ക് എളുപ്പത്തിൽ ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകാൻ വഴിയൊരുങ്ങി. കഞ്ഞിക്കുഴി - മുട്ടമ്പലം റോഡ്, കെ.കെ റോഡിൽ മനോരമ ജംഗ്ഷനിലേയ്‌ക്കുള്ള റോഡ്, കോട്ടയം മാർക്കറ്റിലേയ്ക്കുള്ള റോഡ് എന്നിവയാണ് ബൈപ്പാസ് റോഡിനൊപ്പം ഇവിടെ വന്നുചേരുന്നത്. ഈ റോഡിലൂടെയെത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ഈരയിൽക്കടവ് റോഡിന് വീതിയില്ലാത്തതാണ് ഇപ്പോൾ പ്രദേശത്തെ കുരുക്കുന്നത്.
തിരക്ക് കൂടിയിട്ടും റോഡ് വലുതായില്ല
തിരക്കും വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടും ഈരിയിൽക്കടവ് റോഡിന്റെ വീതി കൂടാത്തതാണ് വാഹനങ്ങൾ കുരുക്കിൽ കുടുങ്ങാൻ ഇടയായിരിക്കുന്നത്. ഈരയിൽക്കടവ് ബൈപ്പാസ് റോഡിന്റെ ഒരു വശത്തു തന്നെയാണ് ഓട്ടോ സ്റ്റാൻഡ്. സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ കൂടി കിടക്കുമ്പോൾ ജംഗ്ഷനിൽ കുരുക്ക് വർദ്ധിക്കും. മാർക്കറ്റ് റോഡിലെ ഒരു വശത്ത് ഒരു വീടിന്റെ മതിലാണ്. മറ്റൊരു വശത്ത് കടകളുമാണ്. ഈ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ വാഹനം റോഡിൽ തന്നെ നിറുത്തുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
കുരുക്കൊഴിവാക്കാൻ
റോഡിന്റെ വീതി കൂട്ടുക
റോഡരികിലെ അനധികൃത പാർക്കിംഗ് മാറ്റുക
ഓട്ടോറിക്ഷാ സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും മാറ്റുക
പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം ക്രമീകരിക്കുക.