കോട്ടയം: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് ഇസ്‌കഫ് നേതൃത്വത്തിൽ 'ഭരണഘടനയെ സംരക്ഷിക്കുക ' എന്ന മുദ്രാവാക്യമുയർത്തി കോട്ടയത്ത് പൗരാവകാശ റാലി നടത്തി. ബസേലിയസ് കോളജ് കവാടത്തിൽ നിന്നും ആരംഭിച്ച റാലി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.ബിനു ഫ്‌ളാഗ് ഒഫ് ചെയ്തു. ദേശീയ പതാകകളും ഭരണഘടനാ ശില്പി അംബേദ്കറുടെ ചിത്രങ്ങളും വഹിച്ച് നടത്തിയ റാലിയിൽ രാഷ്ട്രീയ സാമൂഹിക കലാസാംസ്‌കാരിക പരിസ്ഥിതി മേഖലകളിൽ പ്രവർത്തിക്കുന്നവരും മാദ്ധ്യമ പ്രവർത്തകരും പങ്കെടുത്തു.
ഗാന്ധി സ്‌ക്വയറിൽ നടന്ന ഭരണഘടനാ സംരക്ഷണ സദസ് ദില്ലിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ഇസ്‌കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ ആമുഖപ്രസംഗം നടത്തി.
ജില്ലാ പ്രസിഡന്റ് വി.വൈ പ്രസാദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ, സി.പി.എം ജില്ലാ കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ, എസ്.യു.സി.ഐ സംസ്ഥാന കമ്മറ്റിയംഗം എൻ.കെ ബിജു, കോൺഗ്രസ്.എസ് സംസ്ഥാന നിർവാഹക സമിതിയംഗം പോൾസൺ പീറ്റർ , പി.ഷൺമുഖൻ,എൻ.വി പ്രസേനൻ, ബൈജു വയലേത്ത്,അഡ്വ.സന്തോഷ് കണ്ടംചിറ, ടി.എസ് അൻസാരി, പി.എസ്.രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.