കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകൾ നഷ്ടമായ നീണ്ടൂരിലെ കർഷകർക്ക് സമാശ്വാസ പദ്ധതി പ്രകാരം 19 ലക്ഷം രൂപ നൽകി. രണ്ടു മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷികൾക്ക് 200 ഉം
ഇതിൽ താഴെ പ്രായമുള്ളവക്ക് 100 ഉം മുട്ടയ്ക്ക് അഞ്ച് രൂപ വീതവുമെന്ന നിരക്കിലാണ് തുക അനുവദിച്ചത്. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സംഘം കർഷകരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ച നിരക്കാണിത്.
നീണ്ടൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എൽ.എ. ധനസഹായ വിതരണം നിർവഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് പദ്ധതി വിശദീകരിച്ചു. പക്ഷിപ്പനി നിർമ്മാർജന സെന്റർ നോഡൽ ഓഫീസർ ഡോ. കെ.ആർ സജീവ് കുമാർ റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ റോസമ്മ സോണി, ഹൈമി ബോബി, ഏറ്റുമാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, മറ്റു ജനപ്രതിനിധികളായ പുഷ്പമ്മ തോമസ്, സവിത ജോമോൻ, എം. കെ. ശശി, ലൂക്കോസ് തോമസ്, മരിയ ഗൊരേത്തി, മായ എന്നിവർ സംബന്ധിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി സ്വാഗതവും നീണ്ടൂർ വെറ്ററിനറി സർജൻ ഡോ. പ്രസീന ദേവ് നന്ദിയും പറഞ്ഞു.
ചത്ത 1770 താറാവുകൾക്ക്: 3.54 ലക്ഷം
നശിപ്പിച്ച 7597 താറാവുകൾക്കും
132 കോഴികൾക്കും: 15, 45,800 രൂപ
ആനുകൂല്യം ലഭിച്ചത് . 16 കർഷകർക്ക്
സമാശ്വാസ പദ്ധതി
പക്ഷിപ്പനി ബാധിച്ച് ചത്തതും പനി നിയന്ത്രിക്കുന്നതിന് നശിപ്പിച്ചതുമായ പക്ഷികൾക്കുള്ള നഷ്ടപരിഹാരമാണ് സമാശ്വാസ പദ്ധതിയിൽ ലഭ്യമാക്കിയത്.
'സമാശ്വാസ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം കർഷകർക്ക് അനുഗ്രഹമാകുമെന്നാണ് വിശ്വാസം. അധികം വൈകാതെ തുക വിതരണം ചെയ്യാൻ കഴിഞ്ഞു."
ഡോ. ഷാജി പണിക്കശേരി, ജില്ല മൃഗസംരക്ഷണ ഓഫീസർ.