കോട്ടയം: കാണാതായ സൈക്കിളിന്റെ അതേ നിറത്തിലുള്ള പുതുപുത്തൻ സൈക്കിളുമായി ഒരു ചേച്ചി ഇതാ വീട്ടുമുറ്റത്ത്! ഒൻപതു വയസുകാരൻ ജസ്റ്റിന് അത് ഒട്ടും വിശ്വസിക്കാനായില്ല. ഒപ്പം വന്ന ചേച്ചി ജില്ലാ കളക്ടർ ആണെന്നറിഞ്ഞപ്പോൾ അതിലേറെ അത്ഭുതം. ആശിച്ചു വാങ്ങിച്ച സൈക്കിൾ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന പൊൻകുന്നം ഉരുളികുന്നം കണിച്ചേരിൽ വീട്ടിലേക്കാണ് പുത്തൻ സൈക്കിളെത്തിയത്. കൊണ്ടുവന്നതാകട്ടെ ജില്ലാ കളക്ടർ എം. അഞ്ജന നേരിട്ടും. ഭിന്നശേഷിക്കാരനായ സുനീഷിന്റെ കുടുംബത്തിന്റെ സങ്കടത്തെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതനുസരിച്ചാണ് പുതിയ സൈക്കിൾ വാങ്ങി നൽകിയതെന്ന് കളക്ടർ അറിയിച്ചു.
ശാരീരിക വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. വൈകല്യത്തിനുമുന്നിൽ മനസു തളരാതെ ഉരുളികുന്നത്തിന് സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് പൊതുജനസേവാകേന്ദ്രം നടത്തുകയാണ്. ഒൻപതു വയസുള്ള മകൻ ജസ്റ്റിന് വാങ്ങി നൽകിയ സൈക്കിൾ കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയിരുന്നു. കണ്ടെത്തുകയാണെങ്കിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേർ പങ്കുവയ്ക്കുകയും ചെയ്തു. സൈക്കിൾ തിരികെ കിട്ടാൻ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപെട്ടയുടൻ പുതിയ സൈക്കിൾ വാങ്ങി നൽകാൻ മുഖ്യമന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടൻ സൈക്കിൾ വാങ്ങി കളക്ടർ സുനീഷിന്റെ വീട്ടിലെത്തി.
കുടുംബവുമായി അൽപ്പ സമയം ചെലവിട്ടശേഷമാണ് കളക്ടർ മടങ്ങിയത്. സുനീഷിനോടും ഭാര്യ ജിനിയോടും മകൾ ജസ്റ്റിയയോടും കാര്യങ്ങൾ തിരക്കി. ഇതിനിടെ സുനീഷിന് കോട്ടയത്തെ അഭയം ചാരിറ്റബിൾ ട്രസ്റ്റ് വീൽചെയറും വാങ്ങി നൽകി.