കോട്ടയം: രാജ്യതലസ്ഥാനത്ത് സമരമുഖത്തുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും രാജ്യത്തെ ആകമാനം ബാധിക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയുള്ള ഇടപെടലാണ് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. പിന്നിട്ട ദശകങ്ങളില്‍ വികസനത്തിന്റെ വഴിയില്‍ ഗണ്യമായ വളര്‍ച്ച നേടാന്‍ രാജ്യത്തിന് സാധിച്ചു. ഇപ്പോള്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഉള്‍പ്പെടെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയ ചടങ്ങില്‍ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജനയും ജില്ലാ പൊലീസ് മേധവി ജി. ജയദേവും സന്നിഹിതരായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍ തുടങ്ങിയവരും പങ്കെടുത്തു. കോട്ടയം ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് എം.കെ. ചന്ദ്രശേഖരന്‍ പരേഡ് കമാന്‍ഡറായിരുന്നു. കേരള സിവില്‍ പൊലീസ്, വനിതാ പോലീസ്, ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പൊലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ലറ്റൂണുകളാണ് ഉണ്ടായിരുന്നത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എസ്. അഖില്‍ദേവ്, കോട്ടയം ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. മിനി, ഹെഡ് ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വി. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജി. മഹേഷ് എന്നിവര്‍ പ്ലറ്റൂണ്‍ കമാന്‍ഡര്‍മാരായിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.