b

പാലാ: ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലെ ആറാട്ടുത്സവം ഇന്ന് നടക്കും. ഇന്നലെ രാത്രി നടന്ന പള്ളിനായാട്ട് ഭക്തിനിർഭരമായി.

ഇത്തവണ ഗജവീരനു പകരം പല്ലക്കിലാണ് ഭഗവാന്റെ ആറാട്ടെഴുന്നള്ളത്ത്. ഇതിനായി പുത്തൻ പല്ലക്ക് നിർമ്മിച്ചിട്ടുണ്ട്.

പാലക്കാട് നിന്നുവന്ന വിദഗ്ദ്ധരായ മരയാശാരിമാരാണ് പല്ലക്ക് നിർമ്മിച്ചത്. ക്ഷേത്രവളപ്പിൽ നിന്ന തേക്കുമരം മുറിച്ച് ഒന്നരയാഴ്ച കൊണ്ടാണ് മനോഹരമായ പല്ലക്ക് പണി തീർത്തത്. ഭഗവാനായി പ്രത്യേകം ഇരിപ്പിടവും നിലവിളക്ക് വെയ്ക്കാനുള്ള ഇടവുമൊക്കെ പല്ലക്കിനുള്ളിലുണ്ട്. പൂമാലകൾ കൊണ്ട് അലങ്കരിച്ച പല്ലക്കിലിരുത്തിയാണ് ഭഗവാനെ ഭരണങ്ങാനം വിലങ്ങുപാറക്കടവിലേക്ക് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. അൻപതു കിലോയ്ക്ക് മേൽ ഭാരമുള്ള പല്ലക്ക് ഇത്തവണ ഇടപ്പാടിയിലെ ശാന്തിമാരാണ് തോളിലേറ്റുന്നത് . അടുത്ത വർഷം മുതൽ വ്രതശുദ്ധിയോടെ പല്ലക്ക് ചുമക്കാൻ തയാറായിവരുന്ന ഭക്തർക്ക് അവസരം കൊടുക്കണമെന്നാണ് ദേവസ്വം അധികൃതരുടെ തീരുമാനം.

ഇന്ന് പുലർച്ചെ 6ന് ഗണപതിഹോമം,ഗുരുപൂജ,ശിവപൂജ, 11ന് കാവടി അഭിഷേകം, 2.30ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 4ന് വിലങ്ങു പാറക്കടവിൽ ആറാട്ട്. തുടർന്ന് ആറാട്ട് സദ്യ. 5ന് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തിൽ ആറാട്ട് ഘോഷയാത്രക്ക് സ്വീകരണം, ഇറക്കിപൂജ, ദീപാരാധന .

7ന് ആറാട്ട് വരവ്, വിളക്ക്, വലിയകാണിക്ക, കൊടിക്കീഴിൽ പറയെടുപ്പ്, കലശം, മംഗളാരതി.