ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഗ്രാമസഭകളുടെ ശാക്തീകരണം ലക്ഷ്യമാക്കി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന മികച്ച ഗ്രാമസഭകൾക്ക് യഥാക്രമം 10 ലക്ഷവും അഞ്ച് ലക്ഷവും രൂപാ വീതം നൽകുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു. ഗ്രാമസഭ നിർദ്ദേശിക്കുന്ന പ്രോജക്ടുകൾക്ക് പ്രസ്തുത തുക നൽകും. ഗ്രാമസഭകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുകയും അടിസ്ഥാന വികസന ചർച്ചകളും ഗ്രാമ ആസൂത്രണവും കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി മുഴുവൻ ഗ്രാമസഭകളിലും പങ്കെടുക്കാൻ ശ്രദ്ധിക്കുമെന്നും രാജേഷ് അറിയിച്ചു. കടനാട്, ഭരണങ്ങാനം, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി 53 വാർഡ് ഗ്രാമസഭകളാണ് ഭരണങ്ങാനം ഡിവിഷനിലുള്ളത്. വിവിധ പദ്ധതികൾക്കായി ലഭ്യമാക്കുന്ന ഫണ്ടുകൾ യഥാസമയം വിനിയോഗിക്കാനാവാതെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പദ്ധതികളെല്ലാം ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചതായും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.