അടിമാലി: കൊവിഡ് 19 നെ തുടർന്ന് ആരോഗ്യ പ്രവർത്തകരും പഞ്ചായത്തും പുഴയിലേയ്ക്ക് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി എടുക്കാത്തതിനെ തുടർന്ന് ദേവിയാർ പുഴ വീണ്ടും മലീമസമാകുന്നു. അടിമാലി ടൗണിലെ പഞ്ചായത്തിന്റെ മത്സ്യ മാംസ മാർക്കറ്റിനോട് ചേർന്നുള്ള തോടാണ് ഇതിനോടകം മാലിന്യ കൂമ്പാരമായി മാറിയത്. ഇതോടൊപ്പം തന്നെ അടിമാലി തോട്ടിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ നീർച്ചാലുകളിലും മാലിന്യം കുമിഞ്ഞുകൂടുകയാണ്. ഇവിടെ നിന്നുള്ള മലിനജലമാണ് അടിമാലി തോട്ടിലൂടെ ദേവിയാർ പുഴയിൽ എത്തുന്നത്. 'ഗ്രീൻ അടിമാലി, ക്ലീൻ ദേവിയാർ' എന്ന പദ്ധതിയിലൂടെ ദേവിയാർ പുഴയുടെ സംരക്ഷണത്തിന് പഞ്ചായത്ത് സ്വീകരിച്ച നടപടികൾ ഏറെ പ്രശംസനീയമായിരുന്നു. എന്നാൽ പഞ്ചായത്ത് ആരോഗ്യ വകുപ്പുകൾ കൊവിഡ് 19 ന്റെ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതോടെയാണ് വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി ദേവിയാർ പുഴ മാറിയത്. അടിമാലി മുതൽ വാളറവരെയുള്ള ദൂരത്തിൽ പുഴയോരത്ത് താമസിക്കുന്നവർ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് മാലിന്യം കലർന്ന ജലമാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.
പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കൊവിഡിനൊടൊപ്പം ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൂടി നേരിടേണ്ടി വരും.
ടൂറിസ്റ്റുകളും മാലിന്യം തള്ളുന്നു
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ കൂമ്പൻപാറ വരെയുള്ള ദൂരത്തിൽ മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് എടുത്ത കർശന നടപടികൾ ഫലം കണ്ടിരുന്നു. എന്നാൽ വിനോദസഞ്ചാരികൾ വീണ്ടും മൂന്നാറിലേയ്ക്ക് വരാൻ തുടങ്ങിയതോടെ ഈ മേഖലയിൽ മാലിന്യ നിക്ഷേപവും വർദ്ധിച്ചുവരികയാണ്.
അടിമാലി മത്സ്യ മാംസ മാർക്കേറ്റിന് സമീപമുള്ള തോട്ടിൽ മാലിന്യ നിക്ഷേപം