പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം പെരുകുന്നു.ബുധനാഴ്ച പുലർച്ചെ പുലിയന്നൂർ മഹാദേവക്ഷേത്രത്തിലെ ആലിൻചുവട്ടിലുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന് 1500 ഓളം രൂപയാണ് മോഷ്ടാക്കൾ കവർന്നത്.കാണിക്കമണ്ഡപത്തിന്റെ ഗ്രില്ലിന്റെ താഴും കാണിക്കവഞ്ചിയുടെ താഴും പൊളിച്ചായിരുന്നു മോഷണം.10 ദിവസം മുൻപ് ക്ഷേത്രം അധികാരികൾ കാണിക്കവഞ്ചിതുറന്ന് തുക എടുത്തിരുന്നതിനാൽ വഞ്ചിയിൽ കാര്യമായ പണം ഇപ്പോഴുണ്ടായിരുന്നില്ല.ബുധനാഴ്ച പുലർച്ചെ ഇത് വഴിയുള്ള നടപ്പുകാരാണ് കാണിക്കവഞ്ചി തുറന്നുകിടക്കുന്നതും നാണയങ്ങൾ വഴിയിൽ ചിതറിക്കിടക്കുന്നതും കണ്ടത്.തുടർന്ന് ദേവസ്വം അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. പാലാ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൂന്നാഴ്ച മുൻപ് പാലാ നഗരമധ്യത്തിലെ അമ്പലപ്പുറത്ത് ഭഗവതീക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.പുലിയന്നൂരിലേതിന് സമാനമായി കാണിക്കവഞ്ചികൾ കുത്തിത്തുറന്നതിനൊപ്പം അമ്പലപ്പുറത്തെ ശ്രീകോവിലിലും കള്ളൻ കയറിയിരുന്നു.പാലാ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഒരുമാസത്തിനിടെ മോഷണം നടന്നിരുന്നു.മൊബൈൽഫോൺ ഷോപ്പിൽ കയറിയ ഒരു മോഷ്ടാവിനെ പിടിച്ചതൊഴിച്ചാൽ തുടരന്വേഷണങ്ങളൊന്നുമുണ്ടായില്ല.
ഒന്നിലും സൂചനയില്ല
അടുത്തകാലത്ത് ജയിലിൽ നിന്നിറങ്ങിയ സ്ഥിരം മോഷ്ടാക്കളെ ചുറ്റിപറ്റി അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. അതേസമയം അന്വേഷണം ഊർജ്ജിതമാക്കാനും പ്രതികളെ എത്രയും വേഗം പിടികൂടാനും രാത്രികാല പട്രോളിംഗ് ഊർജിതമാക്കാനും പൊലിസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പാലാ ഡിവൈ.എസ്.പി സാജു വർഗീസ് പറഞ്ഞു.