കോട്ടയം: അപസ്മാര രോഗി ബസിനടിയിലേക്ക് വീണ് പിൻചക്രം കയറിയിറങ്ങി മരിച്ചു. ഇന്ന് രാവിലെ 8.15ന് കോട്ടയം മാർക്കറ്റ് റോഡിൽ കള്ള്ഷാപ്പിന് മുന്നിലായിരുന്നു അത്യാഹിതം. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. മാർക്കറ്റിനുള്ളിൽ തടത്തിപ്പറമ്പിൽ താമസിക്കുന്ന അജേഷ് (38) ആണ് മരിച്ചത്. കഴിഞ്ഞദിവസവും അപസ്മാര രോഗം ബാധിച്ച് മാർക്കറ്റിനുള്ളിൽ ഇയാൾ വീണിരുന്നു.
ഷാപ്പിനു മുമ്പിൽ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന അജേഷ് അപസ്മാരം വന്ന് നിലത്തുവീണ് ഉരുണ്ട് ബസിനടിയിൽ അകപ്പെടുകയായിരുന്നു. കോട്ടയം-കോളനി റൂട്ടിലോടുന്ന സാൽവിയ ബസിനടിയിലേക്കാണ് ഇയാൾ വീണത്. ഉടൻതന്നെ ബസ് നിർത്തിയെങ്കിലും പിൻചക്രം തലയിലൂടെ കയറിയിറങ്ങി. കൊവിഡ് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് കോട്ടയം വെസ്റ്റി സി.ഐ എം.ജെ അരുൺ പറഞ്ഞു.