കോട്ടയം: എതിരാളികൾക്ക് കെ.സി. ജോസഫ് എം.എൽ.എ ഉമ്മൻചാണ്ടിയുടെ 'ഗുണ്ട"യാണത്രെ. ഒ.സിക്ക് പ്രതിരോധമൊരുക്കാൻ ഏത് സമയവും ഓടിയെത്തുന്ന പ്രകൃതമാണ് കെ.സിക്ക് ഈ വിശേഷണ പട്ടം സമ്മാനിച്ചത്. ഒരു മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അരനൂറ്റാണ്ട് നിയമസഭയിലെത്തിയ ഏക കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയാണെങ്കിൽ, അതിനോട് അടുത്തൊരു റെക്കാഡ് കെ.സിക്കുമുണ്ട്.
നാലു പതിറ്റാണ്ടായി ഇരിക്കൂറിന്റെ എം.എൽ.എയാണ് കെ.സി. എന്നാൽ ഇനി ഇരിക്കൂറിൽ പുതുതലമുറ വരട്ടെയെന്ന നിലപാടിലാണ് കെ.സി. പകരം ജന്മനാട്ടിൽ മത്സരിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇരിക്കൂറിലെ ശക്തമായ പ്രാദേശിക വാദത്തിന്റെ അടിസ്ഥാനത്തിലാണ് കെ.സിയുടെ പിന്മാറ്റമെന്നും പ്രചാരണമുണ്ട്.
ചങ്ങനാശേരിയിൽ ജനിച്ച കെ.സി. ജോസഫ് കളത്തിപ്പടിയിൽ താമസിക്കുന്നത്. എ.കെ. ആന്റണിയുടെ നിർദ്ദേശത്തിലാണ് കാതങ്ങൾ അകലമുള്ള കണ്ണൂരിലേയ്ക്ക് 1982ൽ കെ.സി. ജോസഫ് വണ്ടി കയറിയത്. അന്ന് ആന്റണി വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സിയെ വരത്തനെന്ന് പറഞ്ഞ് ഇരിക്കൂർ കൈയൊഴിഞ്ഞില്ല. കന്നിയങ്കത്തിലെ ജയം 9224 വോട്ടിന്. എങ്കിലും ഇരിക്കൂറിൽ സ്ഥിരതാമസമാക്കിയില്ല. കോട്ടയവുമായുള്ള ബന്ധവും മുറിച്ചില്ല.
കോട്ടയം ഡി.സി.സി പ്രസിഡന്റായപ്പോഴും ഇരിക്കൂറിൽ നിന്ന് ജയിച്ചു. മലബാർ എക്‌സ്‌പ്രസിലായിരുന്നു യാത്ര. സി.പി.എമ്മും സി.പി.ഐയും ജനതാപാർട്ടിയും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമൊക്കെ കളത്തിലിറങ്ങിയിട്ടും കെ.സിയെ പിടിച്ചുകെട്ടാനായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്രാമ വികസന മന്ത്രിയുമായി. സോളാർ വിഷയം ചൂടുപിടിച്ചപ്പോഴാണ് കെ.സിയിലെ പോരാളിയെ മലയാളി തിരിച്ചറിഞ്ഞത്. നിയസഭയിലും പുറത്തും പാർട്ടി വേദിയിലുമൊക്കെ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും അതേനാണയത്തിൽ മറുപടി.
ഒമ്പത് മണ്ഡലങ്ങളുള്ള കോട്ടയത്ത് ആറിലും കേരളാ കോൺഗ്രസാണ് മുമ്പ് മത്സരിച്ചിരുന്നത്. ജോസ് കെ. മാണി പോയതോടെ മിച്ചമുള്ള സീറ്രുകളിൽ ഏതെങ്കിലുമൊന്ന് കെ.സി ഉറപ്പാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിളങ്ങാതിരുന്ന ജോസഫിന് പരമാവധി മൂന്ന് സീറ്റേ നൽകൂ. സി.എഫ്. തോമസിന്റെ നിര്യാണത്തോടെ ചങ്ങനാശേരി നിലനിറുത്താൻ യു.ഡി.എഫിന് ശക്തനായ സ്ഥാനാർത്ഥി വേണം. സഭയും എൻ.എസ്.എസുമായുള്ള അടുപ്പത്തിലൂടെ ചങ്ങനാശേരിയിൽ മത്സരിക്കാനാണ് കെ.സിക്കിഷ്ടം. കാഞ്ഞിരപ്പള്ളി കിട്ടിയാലും ജയിക്കുമെന്ന വിശ്വാസവുമുണ്ട്.
ഇരിക്കൂറിന്റെ എം.എൽ.എമാർ
1957, 1960- ടി.സി.നാരായണൻ നമ്പ്യാർ (സി.പി.ഐ)
1965, 1967- ഇ.പി.കൃഷ്ണൻ നമ്പ്യാർ (സി.പി.എം)
1970- എ. കുഞ്ഞിക്കണ്ണൻ (സി.പി.എം)
1974- (ഉപതിരഞ്ഞെടുപ്പ്): ഇ.കെ. നായനാർ (സി.പി.എം)
1977- സി.പി. ഗോവിന്ദൻ നമ്പ്യാർ (കോൺഗ്രസ്)
1980- രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് .യു)
1982-2021: കെ.സി.ജോസഫ് (കോൺഗ്രസ്)