kalunku

ഉദയനാപുരം : വൈക്കം - നേരേകടവ് റോഡിലെ വലിയകലുങ്ക് അപകടാവസ്ഥയിലായതോടെ വാഹനയാത്രക്കാർ ഭീതിയിൽ. മൂവാ​റ്റുപുഴയാറിന്റെ കൈവഴിയായ പാമ്പിഴഞ്ഞാൽ തോടിന് കുറുകെ നിർമ്മിച്ച പതി​റ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ സമീപ റോഡിൽ രണ്ടു വർഷം മുമ്പ് വൻകുഴി രൂപപ്പെട്ടതോടെയാണ് പാലം അപകടസ്ഥിതിയിലായത്. പിന്നീട് റോഡിൽ ടാറിംഗ് നടത്തിയപ്പോൾ കുഴി നികത്തിയെങ്കിലും ഭാരവാഹനങ്ങളുടെ നിരന്തര ഓട്ടം മൂലം വീണ്ടും റോഡ് ഇടിഞ്ഞുതാഴ്ന്നു. പാലത്തിന് തൊട്ട് മുന്നിൽ രൂപപ്പെട്ട വൻ കുഴിയിൽ ഇരുചക്രവാഹന യാത്രികർ വീഴുന്നത് പതിവാണ്.

പ്രദേശവാസികളുടെ ഏക മാർഗം

വൈക്കം നഗരത്തിൽ നിന്ന് കായലോര മേഖലയായ നേരേകടവിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസും രണ്ടു സ്വകാര്യ ബസും സർവീസ് നടത്തുന്നുണ്ട്. വേമ്പനാട്ട് കായലിലെ ബന്ധിപ്പിച്ചുള്ള നേരേകടവ് - മാക്കേക്കടവ് ചങ്ങാട സർവീസിലേയ്‌ക്കെത്തുന്നതിനുള്ള എക മാർഗവുമാണിത്.

അപകടസ്ഥിതിയിലായ പാലം പുനർനിർമ്മിച്ച് ഗതാഗതം സുരക്ഷിതമാക്കണം. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഭീതിയോടെയാണ് നോക്കിനിൽക്കുന്നത്

തങ്കപ്പൻ, പ്രദേശവാസി