karunya

കോട്ടയം: കാരുണ്യ പദ്ധതി ഇല്ലാതായതോടെ കൊവിഡ് കാലത്ത് ദുരിതത്തിലായി ജില്ലയിലെ നാനൂറോളം വരുന്ന വൃക്കമാറ്റി വച്ച രോഗികൾ. മരുന്നിനായി വേണ്ടി വരുന്ന വൻ തുകയും കുടുംബ ചെലവും കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഏറെപ്പേരും.

അവയവമാറ്റത്തിനു ശേഷം തുടർചികിത്സ വേണ്ടവരിൽ 70 ശതമാനവും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കാരുണ്യ പദ്ധതി നിലവിലുണ്ടായിരുന്നപ്പോൾ ഇവരിൽ പലർക്കും മരുന്നും ചികിത്സാ സഹായവും ലഭിച്ചിരുന്നു. എന്നാൽ സർക്കാർ ആ പദ്ധതി നിർത്തലാക്കിയതോടെ ഇവർക്കു മറ്റു മാർഗമില്ലാതായി. അവയവങ്ങൾ മാറ്റി വയ്‌ക്കുന്നവരിൽ മറ്റ് രോഗങ്ങൾ ബാധിക്കാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാൽ ജോലിയ്‌ക്കു പോകാനും സാധിക്കുന്നില്ല. ഇത് സ്ഥിതി കൂടുതൽ വഷളാക്കി.

നേരത്തെ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അവയവം മാറ്റി വച്ചവർക്ക് സഹായം നൽകാനായി 16 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു . എന്നാൽ ഫണ്ടിന്റെ അപര്യാപ്‌തത മൂലം പദ്ധതി തുടരാനായില്ല.

 ഒരു മാസം വേണ്ടത്

15000 രൂപയുടെ

വരെ മരുന്നുകൾ

 ജില്ലയിൽ വൃക്ക മാറ്റി

വച്ചവർ 400 പേർ

'അവയവം മാറ്റി വയ്‌ക്കലിനു വിധേയരായവർക്കു ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരും. അവയവം ശരീരത്തിൽ നിന്നും റിജക്‌ട് ആയാൽ ആയിരം രൂപയ്‌ക്കു മുകളിലുള്ള മരുന്നാണ് ഒരു നേരം കഴിക്കേണ്ടി വരിക. പലപ്പോഴും ഗൃഹനാഥന്മാരായിരിക്കും ഇത്തരത്തിൽ രോഗത്തിനു വിധേയരാകുക. ഇവരുടെ ഭാവിപ്രതീക്ഷ തന്നെ തകർത്തു കളയുന്നതാണ് ഈ രോഗം. ‌ഞങ്ങളെ സഹായിക്കാൻ ഇനി സർക്കാരിനും ഭരണകൂടത്തിനും മാത്രമേ സാധിക്കൂ."

അജി മോഹൻ, ട്രഷറർ,

പ്രതീക്ഷ ഓർഗൻ റസപ്യൻസ് ഫാമിലി അസോസിയേഷൻ (ഫോർഫാ)