കോട്ടയം: 1980ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയുമായി തിരിഞ്ഞായിരുന്നു മത്സരം. സി.പി.എം നേതൃത്വം കൊടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് (യു), കേരള കോൺഗ്രസ് (എം,) സി.പി.ഐ, കേരള കോൺഗ്രസ് (പിള്ള), അഖിലേന്ത്യാ മുസ്ളിം ലീഗ്, ആർ.എസ്.പി എന്നിവയും, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കേരള കോൺഗ്രസ് (ജെ), പി.എസ്.പി, എൻ.ഡി.പി, എസ്.ആർ.പി. എന്നീ കക്ഷികളുമാണ് ഉണ്ടായിരുന്നത്.
140ൽ 93 സീറ്റോടെ ഇടതു മുന്നണി ഭരണം പിടിച്ചു. സി.പി.ഐ.(എം) –35, കോൺഗ്രസ് യു–21, സി.പി.ഐ–17, കേരള കോൺഗ്രസ് എം –8, ആർ.എസ്.പി –6, അഖിലേന്ത്യാ മുസ്ളിംലീഗ് –5 ഇങ്ങിനെ ആയിരുന്നു കക്ഷിനില. കോൺഗ്രസ്–17, മുസ്ളിംലീഗ്–14, കേരള കോൺഗ്രസ് (ജെ)–6, ജനതാപാർട്ടി –5, എൻ.ഡി.പി –5, പി.എസ്.പി–1 എന്നിങ്ങനെ ഐക്യജനാധിപത്യമുന്നണിക്കും സീറ്റ് ലഭിച്ചു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. സി.പി.എമ്മുമായുള്ള അസ്വാരസ്യത്താൽ ഒരു വർഷത്തിനുള്ളിൽ ആന്റണി കോൺഗ്രസും പിറകേ കേരള കോൺഗ്രസും (എം) പിന്തുണ പിൻവലിച്ചു. ഭൂരിപക്ഷം നഷ്ടമായ നായനാർ മന്ത്രിസഭയെ രണ്ടു വർഷത്തിനുള്ളിൽ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
ആന്റണി കോൺഗ്രസും കേരള കോൺഗ്രസ് എമ്മും ഐക്യമുന്നണിയിൽ എത്തിയതിനെ തുടർന്ന് 1981 കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റു. ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഭരണം. എന്നാൽ ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിച്ചതോടെ ഒരു വർഷം തികയും മുമ്പ് കരുണാകരൻ സർക്കാരും രാജിവച്ചു.
1982ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 77 സീറ്റും ഇടതു മുന്നണിക്ക് 63 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസ് 20 , കോൺഗ്രസ് (എ) 15 , മുസ്ലീം ലീഗ് 14, കേരള കോൺഗ്രസ് മാണി - 6, ജോസഫ് - 8, ജനതപാർട്ടി - 4, എൻ.ഡി.പി - 4, എസ്.ആർ.പി -2, ആർ.എസ്.പി 2 , പി.എസ്.പി, ഡി.എൽ.പി, സ്വതന്ത്രർ ഒന്ന് വീതം എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇടതുമുന്നണിയിൽ സി.പി.ഐ (എം) 28, സി.പി.ഐ 13, സോഷ്യലിസ്റ്റ് കോൺഗ്രസ് 7, ആർ.എസ്.പി, ആൾ ഇന്ത്യ മുസ്ലീം ലീഗ് നാല് വീതം, ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പാർട്ടി ഒന്ന് എന്നിങ്ങനെ സീറ്റ് ലഭിച്ചു. രണ്ട് ഇടതു സ്വതന്ത്രരും വിജയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായും സി.എച്ച്. മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായും ഐക്യജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നു,