janata-dal-s

കോട്ടയം: എൽ.ജെ.ഡിയുമായി ലയന ചർച്ചകൾ നടക്കുന്നതിനിടെ, ജനതാദൾ (എസ്) പിളർന്നു. സംസ്ഥാന സെക്രട്ടറി ജനറലും ,വനം വികസന കോർപ്പറേഷൻ ചെയർമാനുമായ ജോർജ് തോമസിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം യു.ഡി.എഫിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. മുന്നണി വിടാനുള്ള തീരുമാനത്തിന് സി.കെ.നാണുവിന്റെ അനുമതിയുണ്ടെന്ന് കോട്ടയത്ത് നടന്ന സംസ്ഥാന സമിതിക്ക് ശേഷം ജോർജ് തോമസ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റായി ജോർജ് തോമസിനെ തിര‌ഞ്ഞെടുത്തു.മുന്നണി വിട്ടതിനാൽ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജി വയ്ക്കും.

ദേവഗൗഡ ബി.ജെ.പിയോട് അടുക്കുന്നതിൽ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നതെന്നാണ് വിശദീകരണം. ദേശീയ തലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കും. സംസ്ഥാന കമ്മിറ്റിക്ക് പുറമേ പത്ത് ജില്ലാ കമ്മിറ്റികളുടേയും പിന്തുണ തങ്ങൾക്കുണ്ടെന്നും യു.ഡി.എഫിൽ ഘടക കക്ഷിയാകാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ജോർജ് തോമസ് പറഞ്ഞു. സി.കെ.നാണു പ്രസിഡന്റായിരുന്ന സംസ്ഥാന കമ്മിറ്റി അഖിലേന്ത്യാ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ പിരിച്ച് വിട്ട് മാത്യു ടി.തോമസിനെ പ്രസിഡന്റാക്കിയിരുന്നു. നാണുവിന്റെ നേതൃത്വത്തിൽ സമാന്തര കമ്മിറ്റി പ്രവർത്തിക്കുന്നതിനിടെയാണ് ,ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള മുന്നണി മാറ്റം.