election-news

കോട്ടയം: നിയമസഭാംഗമെന്ന നിലയിൽ അമ്പതു വർഷം പൂർത്തിയാക്കിയ ഇമേജോടെ പുതുപ്പള്ളിയിൽ വീണ്ടും ജനവിധി തേടുന്ന നാടിന്റെ സ്വന്തം കുഞ്ഞൂഞ്ഞിനെ തളയ്ക്കാൻ സി.പി.എം ഇക്കുറി ആരെ ഇറക്കും?. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തിൽ ആറും പിടിച്ചെടുത്ത് യു.ഡി.എഫിനെ ഞെട്ടിക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞിരുന്നു. ആ ആവേശം നൽകുന്ന പ്രതീക്ഷ ചെറുതല്ല. പക്ഷേ, ഉമ്മൻചാണ്ടിയെ തളയ്ക്കാൻ തക്ക കരുത്തുള്ളതാർക്കെന്ന ചോദ്യം ഉത്തരം തേടുകയാണ്.

കഴിഞ്ഞതവണ എസ്.എഫ്.ഐയുടെ യുവരക്തമായ ജയ്ക്ക് സി. തോമസിനെയാണ് സി.പി.എം പരീക്ഷണത്തിനിറക്കിയത്. വിദ്യാർത്ഥികൾ പുതുപ്പള്ളി അന്ന് ഇളക്കിമറിച്ചു. പ്രചാരണ രംഗത്ത് സോളാർ കേസ് അടക്കം ഉണ്ടായിട്ടും 33,255 വോട്ടിന്റെ ഭൂരിപക്ഷം 27092 ആക്കി ജയ്ക്കിന് കുറയ്ക്കാനായെന്നു മാത്രം. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ ജയ്ക്ക് വീണ്ടും വരുമോ അതോ നേരത്തേ ചെറിയാൻ ഫിലിപ്പിനെ കൊണ്ടുവന്നതുപോലെ ഇറക്കുമതി സ്ഥാനാർത്ഥി എത്തുമോ എന്നാണ് പുതുപ്പള്ളി ഉറ്റുനോക്കുന്നത്.

റജി സഖറിയ, കെ.എം.രാധാകൃഷ്ണൻ തുടങ്ങിയ സി.പി.എം നേതാക്കളുടെ പേരുകൾ ഉയരുന്നുണ്ട്. കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയതോടെ പുതുപ്പള്ളി അവർക്ക് നൽകുമെന്ന പ്രചാരണവുമുണ്ട്. എന്നാൽ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ പരീക്ഷണത്തിന് അവർ ഒട്ടും താത്പര്യം കാണിക്കുന്നില്ല.

സഭാതർക്കത്തിന്റെ പേരിൽ യാക്കോബായ വിഭാഗം ഇടതു മുന്നണിക്കൊപ്പം നിന്നതായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിലെ അപ്രതീക്ഷിത വിജയത്തിനു പ്രധാന കാരണം. എന്നാൽ, ഓർത്തഡോക്സ് വിഭാഗക്കാരനാണെങ്കിലും ഉമ്മൻചാണ്ടി യാക്കോബായക്കാർക്കും സമ്മതനാണ്. കോൺഗ്രസ് പ്രചാരണസമിതി ചെയർമാൻ എന്ന പുതിയ സ്ഥാനം ലഭിച്ച ഉമ്മൻചാണ്ടി, യു.ഡി.എഫ് വന്നാൽ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പുതുപ്പള്ളിക്കാർ ഉറച്ചു വിശ്വസിക്കുന്നു.