അപകടസൂചന നൽകാതെ സംരക്ഷണഭിത്തി നിർമ്മാണം
കുമരകം: വിനോദസഞ്ചാരികൾക്ക് അപകടകെണിയായി കലുങ്കിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം. കുമരകം ജെട്ടി പാലത്തിന്റെ തെക്കേ കരയിലൂടെ കായൽ തീരത്തേക്കുള്ള റോഡിലെ കലുങ്കിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയാണ് നിർമ്മാണത്തിനായി പൊളിച്ചുനീക്കിയത്. വീതി കുറഞ്ഞ റോഡിന്റെ തോട്ടരികിലെ കരിങ്കൽ കെട്ടുപൊളിച്ചുനീക്കിയെങ്കിലും തുടർനിർമ്മാണം മന്ദഗതിയിലാണ് നടക്കുന്നത്. പൊളിച്ച ഭാഗത്തെ റോഡിന്റെ ഭാഗങ്ങൾ വീണ്ടുമിടിഞ്ഞ് തോട്ടിലേക്ക് പതിക്കുന്നുണ്ട്. എന്നാൽ അപകട സൂചന നൽകുന്ന ബോർഡുകളോ ഡിവൈഡറുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഹൗസ് ബോട്ട് യാത്രക്കായി എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നതിൽ ഏറെയും. പലർക്കും ഇവിടെ കൽക്കെട്ട് നിർമ്മാണം നടക്കുന്ന വിവരം അറിയില്ല. റോഡിന്റെ തിട്ട ഇടിയുകയോ അല്പം നിയന്ത്രണം തെറ്റുകയോ ചെയ്താൽ ആഴമേറിയ ജെട്ടി തോട്ടിൽ പതിക്കാൻ സാധ്യതയേറെയാണ്.
മുൻകരുതൽ സ്വീകരിക്കും
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചതായി കുമരകം പഞ്ചായത്ത് ധന്യ സാബു പറഞ്ഞു. ഇതിനിടയിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിയെടുത്തപ്പോൾ ടെലിഫോൺ കേബിൾ പൊട്ടിയത് പ്രതിസന്ധിക്കിടയാക്കി. ഇതോടെ റിസോട്ടുകൾ ഉൾപ്പെടെ പടിഞ്ഞാറൻ പ്രദേശത്തെ പല ടെലിഫോൺ കണക്ഷനുകളും തകരാറിലായി.