കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ റെയിൽവെ മേൽപാലങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ തോമസ് ചാഴികാടൻ എം പി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥകരുടെ യോഗം വിളിച്ചു.
മുളന്തുരുത്തി (ചെങ്കൽപാടം), കാരിത്താസ്, കുറുപ്പന്തറ, കടുത്തുരുത്തി, കുരീക്കാട് (ചോറ്റാനിക്കര) എന്നീ അഞ്ച് റെയിൽവെ മേൽപാലങ്ങളുടെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള ചുമതല റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സികെ) യെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
മുളന്തുരുത്തി,കാരിത്താസ് പാലങ്ങളുടേയും സമീപന പാതയുടെ ടെണ്ടർ ഒരുമിച്ച് വിളിച്ചിരിക്കുകയാണ്. ഫെബ്രുവരി 02 ന് ടെണ്ടർ തുറന്ന് 15 നകം ടെണ്ടർ നടപടികൾ പൂർത്തിയാക്കാൻ എം.പി നിർദ്ദേശം നൽകി.
കുറുപ്പന്തറ മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ ജൂലായിൽ ടെണ്ടർ ചെയ്യുവാൻ നടപടികൾ സ്വീകരിക്കും.
കടുത്തുരുത്തി മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ 2022 ജനുവരി 31ന് മുമ്പ് പൂർത്തിയാക്കി ടെണ്ടർ നടപടികളിലേയ്ക്ക് കടക്കും.
കുരീക്കാട് (ചോറ്റാനിക്കര) മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ 2021 മാർച്ച് 31 ന് മുമ്പായി പൂർത്തിയാക്കും.
കോതനല്ലൂർ മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും.
റെയിൽവെ പാതഇരട്ടിപ്പിക്കലിനോട് അനുബന്ധമായി പൂർത്തിയാക്കേണ്ട പാലങ്ങളായ മാഞ്ഞൂർ, കോട്ടയം റബർ ബോർഡിനു സമീപം ടണലിനുപകരം നിർമ്മിക്കുന്ന മേൽപ്പാലം, മുട്ടമ്പലം പി ആൻഡ് റ്റി ക്വാർട്ടേഴ്‌സ്, പാക്കിൽ എന്നീ മേൽപാലങ്ങൾ ഈവ ർഷം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കി ഇരട്ടപ്പാതയോടൊപ്പം ഗതാഗതത്തിനായി തുറന്നുകൊടുക്കും.
റെയിൽവെ ചീഫ് എഞ്ചിനീയർ കൺസ്ട്രക്ഷൻ ഷാജി സഖറിയ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ കൺസ്ട്രക്ഷൻ ചാക്കോ ജോർജ്ജ്, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ബാബു സഖറിയ, ജോസ് അഗസ്റ്റിൻ, ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടർ ജാഫർ മാലിക്,ജനറൽ മാനേജർ ലിസി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു