പാലാ: അപകടങ്ങളുണ്ടാക്കാനാണോ പാലാ സെന്റ് തോമസ് കോളജിന് സമീപം റോഡിനു നടുവിലെ ഈ വരമ്പ് ...? പി.ഡബ്ലി.യു.ഡി അധികാരികൾ മറുപടി പറഞ്ഞേ തീരൂ. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇവിടെ ഹൈവേയ്ക്ക് നടുവിലെ ട്രാഫിക് മീഡിയനിൽ വാഹനങ്ങൾ ഇടിച്ച് പത്തോളം അപകടങ്ങളുണ്ടായി. 8 പേർക്ക് പരിക്കേറ്റു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായി.ആര് സമാധാനം പറയും? ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിക്ക് നടുവിലെ ഈ അപകടവരമ്പ് ഒന്നുകിൽ പൊളിച്ചുകളയണം. ഇല്ലെങ്കിൽ റിഫ്‌ളക്ടറോ ചുവന്ന കൊടിയോ തൂക്കണം. അധികാരികളാകട്ടെ ഇതു കണ്ട മട്ടേയില്ല.
മരിയൻ ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗവും ബൈപ്പാസിലേക്കുള്ള ഭാഗവും വേർതിരിച്ചാണിവിടെ റോഡിന് നടുവിലെ മീഡിയൻ.
ഏറ്റുമാനൂർ ഭാഗത്തുനിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾ മീഡിയനു തൊട്ടടുത്തെത്തുമ്പോഴാണ് ഈ ഭാഗത്തെ വഴിയുടെ വീതിക്കുറവ് ശ്രദ്ധയിൽപ്പെടുക. വഴിപരിചയമില്ലാത്ത ഡ്രൈവർമാരാണെങ്കിൽ കുഴഞ്ഞതു തന്നെ. ഏതുവിധേനയും വാഹനം നിയന്ത്രിക്കാൻ വേവലാതിപ്പെടുമ്പോഴേക്കും പൊക്കം കുറഞ്ഞ മീഡിയനിലേക്ക് ഇടിച്ചു കയറിക്കഴിഞ്ഞിരിക്കും. രാത്രികാല യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും.
നേരത്തേ ഈ മീഡിയന്റെ ഇരുവശത്തും റിഫ്‌ളക്ടറുകളും അപകടസൂചക ബോർഡുകളും സ്ഥാപിച്ചിരുന്നു. വാഹനങ്ങൾ ഇടിച്ചതു മൂലം ഇവയെല്ലാം ചിതറിത്തെറിച്ചു. അപകട സൂചകമായി യാതൊരു മുന്നറിയിപ്പും ഇപ്പോൾ ഇവിടെയില്ല.' മിക്ക രാത്രികളിലും വലിയ ഒച്ച കേൾക്കാം. ഞെട്ടിയുണർന്നു നോക്കുമ്പോൾ ഏതെങ്കിലും വാഹനങ്ങൾ മീഡിയനിലേക്ക് ഇടിച്ചു കയറിക്കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ രണ്ടു മാസമായി ഇത് പതിവാണ്' സമീപ വാസിയായ ഹരി പറയുന്നു. വാഹനങ്ങൾ തുടരെ ഇടിച്ച് മീഡിയന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്.
റിഫ്‌ളക്ടറുകൾ ഉടൻ സ്ഥാപിക്കും
വാഹനങ്ങളിടിച്ച് റിഫ്‌ളക്ടറുകൾ തകർന്നതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് പി.ഡബ്ലി.യു.ഡി പാലാ ഡിവിഷൻ അധികൃതർ പറയുന്നു.
തകർന്ന മീഡിയൻ പുനർനിർമ്മിച്ച് റിഫള്ക്ടറുകൾ സ്ഥാപിക്കുമെന്നും അവർ വ്യക്തമാക്കി.
ഫോട്ടോ അടിക്കുറിപ്പ്
പാലാ ഏറ്റുമാനൂർ ഹൈവേയിൽ പാലാ സെന്റ് തോമസ് കോളജിനു സമീപത്തെ ട്രാഫിക് മീഡിയൻ വാഹനങ്ങൾ ഇടിച്ചു തകർന്ന നിലയിൽ