കോട്ടയം: ബ്ലേഡ് ഇടപാടുകാരനായ മണർകാട് സ്വദേശിയുടെ ആഡംബര വീടിന്റെ പരിസരത്ത് പാടം നികത്തിയത് ഒഴിപ്പിച്ച് റവന്യു അധികൃതർ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതർ പൊലീസ് സംരക്ഷണത്തിലെത്തി കൈയേറ്റം ഒഴിപ്പിക്കുന്നത്. അനധികൃതയമായി നികത്തിയ പാടം പുനസ്ഥാപിക്കണമെന്നും, ഇല്ലെങ്കിൽ ജില്ലാ കളക്ടർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നുമുള്ള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുസ്തഫയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണർകാട് മാലത്തെ സുരേഷിന്റെ വീടിനോടു ചേർന്നുള്ള 40 സെന്റ് പാടം നികത്തിയത് സംബന്ധിച്ചുള്ള പരാതിയിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്.
2012 ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് (മാലം സുരേഷ്) ഇവിടെ വീട് നിർമ്മിച്ച് താമസം തുടങ്ങുകയായിരുന്നു. സുരേഷ് വീട് നിർമ്മിച്ചത് പാടം നികത്തിയാണെന്ന് ആരോപിച്ച് ഒരു വിഭാഗം കർഷകർ ജില്ലാ ഭരണകൂടത്തിനും റവന്യു അധികൃതർക്കും പരാതി നൽകി. വില്ലേജ് അധികൃതരും, കൃഷി വകുപ്പും നടത്തിയ പഠനത്തിൽ കൈയേറ്റം കണ്ടെത്തുകയായിരുന്നു. കൈയേറ്റം കണ്ടെത്തിയെന്നും, മണ്ണ് നീക്കം ചെയ്തു പാടം പുനസ്ഥാപിക്കണമെന്നും ആർ.ഡി.ഒ റിപ്പോർട്ട് നൽകി. എന്നാൽ, മാറി മാറി വന്ന കളക്ടർമാർ റിപ്പോർട്ട് നടപ്പാക്കാൻ തയാറായില്ല. ഇതേ തുടർന്നു, പരാതിക്കാരായ കർഷകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്ഥലം പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി. എന്നാൽ ഇത് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. സ്ഥലത്ത് പാടം പുനസ്ഥാപിക്കുന്നതിനു സർക്കാരിന്റെ പക്കൽ പണമില്ലെന്നായിരുന്നു വാദം. ഇതേ തുടർന്നു പരാതിക്കാർ തന്നെ പണം കെട്ടി വയ്ക്കാൻ തയാറാണെന്ന് അന്നറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാർ പണം കെട്ടി വയ്ക്കുകയും, സ്ഥലം ഉടമയിൽ നിന്നും പണം തിരികെ പിടിച്ചു നൽകിയാൽ മതിയെന്നു നിർദേശിക്കുകയും ചെയ്തു. എന്നിട്ടും നടപടി വൈകി. ഇതേതുടർന്നു അടിയന്തരമായി നടപടി സ്വീകരച്ചില്ലെങ്കിൽ ജില്ലാ കളക്ടറെ വിളിച്ചു വരുത്തേണ്ടിവരുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇതേ തുടർന്നാണ് അടിയന്തരമായി സ്ഥലം ഏറ്റെടുക്കുന്നതിനു നടപടിയെടുത്തത്.
ഇന്നലെ ഉച്ചയോടെ സബ് കളക്ടർ, എൽ.എ തഹസീൽദാർ ഷൈജു പി.ജേക്കബ്, മണർകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്നാണ് ജെ.സി.ബിയും ടിപ്പറും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തത്.