കോട്ടയം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷനുള്ള തയാറെടുപ്പുകൾ ജില്ലയിൽ പൂർത്തിയായി. 31നാണ് അഞ്ചു വയസിൽ താഴെയുളള എല്ലാ കുട്ടികൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നത്.

ജില്ലയിൽ 1,11,071 കുട്ടികൾക്ക് മരുന്നു നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് പറഞ്ഞു. ഇതിനായി 1307 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 2614 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ ബൂത്തുകൾ പ്രവർത്തിക്കുക.
ഇതിനു പുറമെ 45 ട്രാൻസിറ്റ് ബൂത്തുകളും 40 മൊബൈൽ ബൂത്തുകളുമുണ്ടാകും. റെയിൽവെ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലാണ് ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ഉത്സവ സ്ഥലങ്ങൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലെത്തി മരുന്നു വിതരണ ചെയ്യുന്നതിനാണ് മൊബൈൽ ബൂത്തുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

എല്ലാ കുട്ടികൾക്കും വാക്‌സിൻ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് വോളണ്ടിയർമാർ അഞ്ചുലക്ഷം വീടുകൾ സന്ദർശിക്കും. അങ്കണവാടി, ആശാ, കുടുംബശ്രീ, ആരോഗ്യപ്രവർത്തകരാണ് വാളന്റിയർമാർ. ആരോഗ്യകേരളം, സാമൂഹ്യനീതി വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷൻ റോട്ടറി ഇന്റർനാഷണൽ, ലയൺസ് ക്ലബുകൾ, റെഡ്‌ക്രോസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്നുവിതരണം നടത്തുന്നത്.