വെള്ളയാംകുടിയിലെ മൈതാനം ലൈഫിന് വിട്ടുനൽകി
പരിശീലനം നിലച്ച് കായിക താരങ്ങൾ
കട്ടപ്പന: സംസ്ഥാനത്തെ മികച്ച നഗരസഭയായിട്ടെന്തു കാര്യം? പേരിനൊരു കളിസ്ഥലം പോലും കട്ടപ്പനയിലില്ല. വെള്ളയാംകുടിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കളിസ്ഥലം ലൈഫ് പദ്ധതിക്ക് വിട്ടുനൽകിയതോടെ കട്ടപ്പനയിലെ കായിക പ്രേമികൾ നിരാശയിലാണ്. നഗരസഭ കാര്യാലയത്തിന് മുമ്പിലുള്ള സ്റ്റേഡിയത്തിന് ഓരോ വർഷവും ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തുന്നതല്ലാതെ നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ആധുനിക സിന്തറ്റിക് സ്റ്റേഡിയം നിർമിക്കാനായി അമ്പലക്കവലയിൽ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും വിവാദങ്ങളെ തുടർന്ന് ഏറ്റെടുക്കാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സ്‌കൂൾ, കോളേജ് മൈതാനങ്ങൾ ഒഴിച്ചുനിർത്തിയാൽ കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികൾക്കും താരങ്ങൾക്കും വിനോദങ്ങളിലേർപ്പെടാൻ ഒരിടമില്ല. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞ് മറ്റു സ്ഥലങ്ങളിൽ കളിക്കളങ്ങൾ സജീവമായപ്പോൾ കട്ടപ്പനക്കാർ നിരാശരാണ്. സ്വൈര്യമായി പരിശീലനം നടത്തിവന്നിരുന്ന വെള്ളയാംകുടിയിലെ കളിസ്ഥലവും ഒടുവിൽ നഷ്ടമായി. ദിവസവും നൂറിൽപ്പരം കായിക താരങ്ങളാണ് ഈ ചെറിയ മൈതാനത്ത് പരിശീലനവും വ്യായാമവും നടത്തിയിരുന്നത്. ഇവരിൽ വെള്ളയാംകുടി ഫുട്‌ബോൾ ക്ലബ് അംഗങ്ങളും നിരവധി സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മുമ്പ് കാടുപിടിച്ചുകിടന്നിരുന്ന സ്ഥലം കളിക്കളമാക്കി മാറ്റിയത് ഇവിടുത്തെ കായിക താരങ്ങളാണ്. എന്നാൽ സ്ഥലം കൈമാറിയതോടെ സംസ്ഥാന- ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തിയ കായിക താരങ്ങളുടെ പരിശീലനം ഉൾപ്പെടെയാണ് നിലച്ചത്. നഗരസഭയുടെ അഞ്ച് ബഡ്ജറ്റുകളിലും സ്റ്റേഡിയം നിർമാണത്തിനായി ലക്ഷങ്ങൾ വകയിരുത്താറുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകാറില്ല.
എം.എൽ.എയുടെ ഉറപ്പിൽ പ്രതീക്ഷ
വെള്ളയാംകുടിയിൽ ലൈഫ് പദ്ധതിക്കായി കൈമാറിയ ഭൂമിക്ക് സമീപം നഗരസഭ സ്ഥലം കണ്ടെത്തിയാൽ 10 ലക്ഷം രൂപ കളിസ്ഥലം നിർമാണത്തിനായി അനുവദിക്കാമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പ്രഖ്യാപിച്ചിട്ടുണ്ട്. കായിക താരങ്ങളുടെ നിവേദനത്തെ തുടർന്ന് എം.എൽ.എ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഇന്നലെ കട്ടപ്പനയിലെത്തിയ അദ്ദേഹം നഗരസഭാദ്ധ്യക്ഷയുമായി ഇക്കാര്യം ചർച്ച ചെയ്തു. സർക്കാരിന് വിട്ടുനൽകിയ സ്ഥലത്തിന് സമീപത്തെ ഒഴിഞ്ഞ ഭൂമിയിൽ മൈതാനം നിർമിക്കാൻ നഗരസഭ തീരുമാനിച്ചാൽ തുക അനുവദിക്കാമെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ അനുകൂല നിലപാടാണ് നഗരസഭാദ്ധ്യക്ഷയും അറിയിച്ചത്.