കോട്ടയം: സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോള്‍ കുമരകം ഗ്രാമ പഞ്ചായത്തില്‍ തരിശായി കിടന്നിരുന്ന 400 ഏക്കര്‍ ആറു മാസംകൊണ്ട് കൃഷിഭൂമിയായി. 236 ഏക്കറില്‍ നെല്ലും മറ്റിടങ്ങളില്‍ വാഴ, കിഴങ്ങു വര്‍ഗങ്ങള്‍, പച്ചക്കറി എന്നിവയുമാണ് കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് കൃഷി നടത്തുന്നത്.
പഞ്ചായത്തിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ പച്ചക്കറി കൃഷി വിജയകരമായി നടത്തുക ക്ലേശകരമാണ്. മുന്‍പ് അഞ്ച് ഏക്കറോളം മാത്രമായിരുന്ന പച്ചക്കറി കൃഷി ചുരുങ്ങിയ സമയം കൊണ്ട് നൂറ് ഏക്കറായി. പച്ചക്കറി കൃഷിക്കായി സുഭിക്ഷ കേരളം പദ്ധതിയിലൂടെ 12,500 ഗ്രോബാഗുകള്‍, 600 പായ്ക്കറ്റ് പച്ചക്കറി വിത്തുകള്‍, 400 യൂണിറ്റ് കിഴങ്ങുവര്‍ഗ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു.
ഓണത്തിന് ആയിരം അടുക്കളത്തോട്ടം എന്ന പദ്ധതിയും വിജയകരമായി നടപ്പാക്കിയിരുന്നു. കൃഷിക്കായി 2020-21 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 60 ലക്ഷത്തോളം രൂപയും സുഭിക്ഷ കേരളം പദ്ധതിയില്‍ ഇതു വരെ 35 ലക്ഷം രൂപയും വിനിയോഗിച്ചിട്ടുണ്ട്.
പഞ്ചായത്തിൽ ആകെ കൃഷി
നെല്‍കൃഷി : 3750 ഏക്കർ
പച്ചക്കറി കൃഷി: 100 ഏക്കർ
വാഴയും കിഴങ്ങും: 40 ഏക്കർ
വിനിയോഗിച്ച തുക: 95 ലക്ഷം
എസ്.എന്‍. കോളേജില്‍ മൂന്ന് ഏക്കര്‍ പച്ചക്കറി കൃഷി
കുമരകം എസ്.എന്‍. കോളേജില്‍ പന്ത്രണ്ടു വര്‍ഷത്തോളം കാട് പിടിച്ച് കിടന്നിരുന്ന മൂന്ന് ഏക്കര്‍ സ്ഥലം തെളിച്ച് പച്ചക്കറി കൃഷി ആരംഭിച്ചു. തണ്ണിമത്തനും പത്തിനം പച്ചക്കറികളുമാണ് കോളേജ് വളപ്പില്‍ ഇപ്പോഴുള്ളത്. കുമരകം എസ്.കെ.എം പബ്ലിക് സ്‌കൂള്‍ വളപ്പില്‍ രണ്ടര ഏക്കര്‍ തരിശ് നിലത്തും കൃഷി ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഒന്നേമുക്കാല്‍ ഏക്കറില്‍ നെല്‍കൃഷിയും അന്‍പത് സെന്റില്‍ മീന്‍ കുളവും ബാക്കിയുള്ള സ്ഥലത്ത് പച്ചക്കറിയുമാണ് ഉള്ളത്.