വൈക്കം : ചെത്തുതൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) ആഹ്വാനപ്രകാരം പെൻഷൻ സംരക്ഷണ ദിനം ആചരിച്ചു. ഒന്നിൽകൂടുതൽ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയ നൂറുകണക്കിന് തൊഴിലാളികളുടെ പെൻഷൻ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് തടഞ്ഞുവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ ധർണയും ചീഫ് വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർക്ക് കത്തയക്കലും നടത്തി. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വൈക്കം, കടുത്തുരുത്തി റേഞ്ചുകളിലായി ആറുകേന്ദ്രങ്ങളിലായിരുന്നു പ്രക്ഷോഭ പരിപാടി. തലയാഴത്ത് പി.ആർ.ശശി, ടി.വി പുരത്ത് ഡി.രഞ്ജിത്കുമാർ, വൈക്കം ടൗണിൽ കെ.എ.രവീന്ദ്രൻ, കുലശേഖരമംഗലത്ത് ബി.രാജേന്ദ്രൻ, തലയോലപ്പറമ്പിൽ എം.എസ്.സുരേഷ്, കടുത്തുരുത്തിയിൽ പി.ജി.തൃഗുണസെൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.