കട്ടപ്പന: അഞ്ചുവർഷമായി അമ്പലക്കവല സാംസ്‌കാരിക കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന വയോമിത്രം പദ്ധതിയുടെ പരിശോധന കേന്ദ്രം മാറ്റിയതിൽ പ്രതിഷേധം ശക്തം. അമ്പലക്കവല നാഷണൽ ലൈബ്രറിയിലേക്കാണ് കേന്ദ്രം മാറ്റിയത്. മൂന്നു വാർഡുകളിലെ വൃദ്ധർക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമാണ് കേന്ദ്രമായി തിരഞ്ഞെടുത്തത്. 20, 22, 23 വാർഡുകളുടെ കേന്ദ്രമാണ് സാംസ്‌കാരിക നിലയത്തിൽ പ്രവർത്തിച്ചുവന്നത്. എന്നാൽ വാട്ട്‌സ് ആപ്പിലൂടെ മാത്രം അറിയിപ്പ് നൽകി ലൈബ്രറി കെട്ടിടത്തിലേക്ക് പരിശോധന കേന്ദ്രം മാറ്റുകയായിരുന്നുവെന്നാണ് ആക്ഷേപം. കുറച്ചുപേർ മാത്രമുള്ള വാട്‌സ് ആപ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്. 20, 23 വാർഡുകളിലുള്ളവർ വിവരമറിഞ്ഞതുമില്ല. കഴിഞ്ഞ 12ന് ലൈബ്രറിയിൽ പരിശോധന നടത്തിയെങ്കിലും ആളുകൾ കുറവായിരുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ 20ലധികം പടികൾ കയറി വൃദ്ധർക്കും രോഗികൾക്കും എത്തിച്ചേരാനും ബുദ്ധിമുട്ടാണ്.
വയോമിത്രം പദ്ധതി
60 വയസ് കഴിഞ്ഞവർക്ക് വാർഡുകളിലെത്തി പരിശോധിച്ച് ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് വയോമിത്രം. നിലവിൽ 78 വൃദ്ധരാണ് കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. ഇവരിൽ രണ്ടുപേർ 90 ശതമാനം കാഴ്ചയില്ലാത്തവരും 20ൽപ്പരം പേർ 70 നും 80 നുമിടയിൽ പ്രായമുള്ളവരുമാണ്.
''എല്ലാവിധ സൗകര്യങ്ങളുമുള്ള അമ്പലക്കവല കോളനിയിലെ സാംസ്‌കാരിക നിലയത്തിൽ നിന്നാണ് ശൗചാലയം പോലുമില്ലാത്ത ലൈബ്രറി ഹാളിലേക്ക് കേന്ദ്രം മാറ്റിയത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ഡി.എം.ഒയ്ക്കും പരാതി നൽകി.
- മുൻ കൗൺസിലർ ഗിരീഷ് മാലി