പാലാ: പ്രാദേശിക വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരും കെ.എസ്.ഇ ബിയും ചേർന്ന് നടപ്പാക്കുന്ന സൗര ദ്ധതിയിൽ കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജിൽ സ്ഥാപിച്ചിട്ടുള്ള 186 കിലോവാട്‌സ് ശേഷിയുള്ള പുരപ്പുറ സൗരോർജനിലയം ഉദ്ഘാടനത്തിന് സജ്ജമായതായി കെ.എസ്.ഇ.ബി പാലാ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജോസഫ് പി. വർഗീസ്, എക്‌സിക്യൂട്ടീവ് എൻജിനീയർ സാജമ്മ.ജെ. പുന്നൂർ, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ കെ.ആർ. രാജൻ വയലാ, ബിനു ബി. എന്നിവർ പറഞ്ഞു.

നാളെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പദ്ധതി ഉദ്ഘാടനം ചെയ്യും.കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ഊർജ്ജ ഉത്പാദനം പ്രാവർത്തികമാക്കുനത്.
മുക്കാൽ കോടിയിൽപ്പരം രൂപ മുതൽമുടക്കിൽ കോളേജിലെ വിവിധ കെട്ടിടങ്ങളുടെ റൂഫ്‌ടോപ് ഉപയോഗപ്പെടുത്തി ഏകദേശം 35000 ചതുരശ്ര അടി വിസ്തീർണതയിലാണ് സോളാർ പ്ലാന്റ സ്ഥാപിച്ചിരിക്കുന്നത്.

13 ലക്ഷം രൂപ മുതൽമുടക്കിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ മരങ്ങാട്ടുപള്ളിയിലുള്ള നഴ്‌സിംഗ് കോളേജിന്റെ റൂഫ്‌ടോപ് ഉപയോഗപ്പെടുത്തി 30 കിലോവാട്‌സിന്റെ സോളാർ പ്ലാന്റും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.

കിടങ്ങൂർ എൻജിനീയറിംഗ് കോളേജിലെ സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി എം.എം മണി നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.