 ആരോപണം തള്ളി വണ്ടന്‍മേട് പൊലീസ്

കട്ടപ്പന: പൊലീസ് അധിക്ഷേപിച്ചതായി ആരോപിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുൽത്താൻകട പാലയ്ക്കൽ സാബുവാണ് (42) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. വണ്ടൻമേട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സി.ഐ വി.എസ്. നവാസ് അധിക്ഷേപിച്ചതായി ആരോപിച്ചാണ് ഇയാൾ വിഷം കഴിച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. തുടർന്ന് അയൽവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ സാബുവിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് വണ്ടൻമേട് പൊലീസ് പറഞ്ഞു. ചക്കുപള്ളം പുതുമനമേട്ടിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയിൽ സാബുവും ഗുണഭോക്താവാണ്. എന്നാൽ വൈദ്യുതി ചാർജിന്റെ വിഹിതം നൽകാത്തതിനാൽ കുടിവെള്ളം നിഷേധിച്ചതുമായി ബന്ധപ്പെട്ട് സാബു വണ്ടൻമേട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അയൽവാസിയുമായുള്ള തർക്കത്തിന്റെ പേരിലും സാബുവിനെയും ഭാര്യയെയും ബുധനാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് സി.ഐ അധിക്ഷേപിച്ചതായാണ് ആക്ഷേപം. അതേസമയം സാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.ഐ വി.എസ്. നവാസ് പറഞ്ഞു. ഇയാൾ സ്റ്റേഷനിലെത്തിയപ്പോൾ മുതലുള്ള ദൃശ്യങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.