ചങ്ങനാശേരി: ആഘോഷങ്ങളില്ലാതെ ചടങ്ങുകളോടെ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി സമാപിച്ചു. കുട്ടികളുടെ കാവടി, കാവടിയാട്ടം, ഉച്ചകഴിഞ്ഞ് മാരണത്തുകാവ് അംബികാദേവി ക്ഷേത്രത്തിൽ നിന്നും രഥഘോഷയാത്ര എന്നിവ നടന്നു. കീഴ്ക്കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ രഥഘോഷയാത്ര എത്തിയതോടെ ക്ഷേത്രത്തിൽ നിന്നുള്ള കാവടിയാട്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ചിറയ്ക്കൽ കാളിദാസൻ കിഴക്കുംഭാഗത്തിന്റെ തിടമ്പേറ്റി. പടിഞ്ഞാറ്റുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ കുട്ടികളുടെ കാവടി നടന്നു. ഉച്ചകഴിഞ്ഞ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള കാവടിയാട്ടം നടന്നു തുടർന്ന് അഞ്ച് മണിയോടെ കാവടി അഭിഷേകവും സേവയും നടന്നു. പുതുപ്പള്ളി കേശവൻ പടിഞ്ഞാറ്റും ഭാഗത്തിന്റെ തിടമ്പേറ്റി. ക്ഷേത്രത്തിൽ പാമ്പാടി രാജൻ ദേവന്റെ തിടമ്പേറ്റി.