coconut

ചങ്ങനാശേരി: മലയാളിയുടെ പറമ്പിൽ സുലഭമായി ലഭിച്ചിരുന്ന തേങ്ങ, ചക്ക തുടങ്ങിയവയുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവ്. ഉത്പാദനത്തിലെ വലിയ കുറവ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മലയോര മേഖലകളായ പൊൻകുന്നം, പാലാ, പാമ്പാടി, അയർക്കുന്നം, മണർകാട്, കറുകച്ചാൽ, നെടുംകുന്നം, മണിമല തുടങ്ങിയ പ്രദേശങ്ങളിലാണ് തേങ്ങയും ചക്കയും വ്യാപകമായി ഉണ്ടാകുന്നത്. എന്നാൽ, ഇവിടങ്ങളിൽ എല്ലാം കഴിഞ്ഞ മൂന്ന് നാല് വർഷമായി ഉല്പാദനത്തിൽ വലിയ കുറവാണ് നേരിടുന്നത്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ പ്രശ്‌നം കാര്യമായി ബാധിച്ചിട്ടില്ല. കൂടാതെ, കുരുമുളകിന്റെും റബ്ബറിന്റെയും ഡി.ആർ.സിയിലും പ്രശ്‌നം നേരിടുന്നു.

തേങ്ങ ഉത്പാദനത്തിൽ വലിയ കുറവ്

തേങ്ങ പാകമാകുന്നതിനു മുമ്പുതന്നെ പൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. വെള്ളയ്ക്ക ഉണ്ടാകുമ്പോൾ തന്നെ കൊഴിഞ്ഞു പോകുകയാണ്. തോടിന്റെ വക്കിൽ നിൽക്കുന്ന തെങ്ങുകളിലും സമാന സ്ഥിതിയാണ്. ഓല ചുരുളുകയാണ് ആദ്യം. പിന്നീട്, തെങ്ങിന്റെ മണ്ട നശിക്കൽ, കൂമ്പ് ചീയൽ തുടങ്ങിയവ ഉണ്ടാകുന്നു. നാടൻ തെങ്ങുകൾക്കാണ് ഈ ദുരിതം. നാല് വർഷം മുൻപ് 40 തെങ്ങിൽ നിന്ന് 300, 600 തേങ്ങകൾ വരെ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 25ൽ താഴെ മാത്രമാണ് തേങ്ങകൾ ലഭിക്കുന്നത്. തേങ്ങ ഇടണമെങ്കിൽ ഒരു തെങ്ങിൽ കയറുന്നതിന് 50 രൂപ കൂലി നല്കണം. ഇത് നഷ്ടമായതിനെ തുടർന്ന് തെങ്ങുണ്ടായിട്ടും തേങ്ങ വാങ്ങേണ്ട സ്ഥിതിയാണ് പലയിടത്തും.

വളവും കിട്ടാനില്ല

സീസണായിട്ടുപോലും പ്ലാവുകളിൽ ചക്ക കായ്ക്കുന്നത് വളരെ കുറച്ച് മാത്രമാണ് മുമ്പെങ്ങും ഇല്ലാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മുമ്പൊക്കെ നിറയെ കായ്ച്ചിരുന്ന പ്ലാവുകളിൽ ഒന്നോ രണ്ടോ ചക്കകൾ മാത്രമാണ് ഉണ്ടാകുന്നത്. ചക്കച്ചുളകളുടെ എണ്ണത്തിൽ കുറവുണ്ട്. മുരടിച്ചതും ചെറിയ കുരുവുമുള്ള ചക്കയുമാണ് ഉണ്ടാകുന്നത്. ബഡ്ഡ് തൈകൾക്ക് പ്രശ്‌നം ഉണ്ടാകുന്നില്ല. കാലാവസ്ഥ വ്യതിയാനവും കടുത്ത പ്രളയത്തെ തുടർന്ന് മണ്ണിന്റെ ഘടനയിൽ ഉണ്ടായ മാറ്റവും ആണ് ഇതിനു കാരണം. ചില പ്രദേശങ്ങളിലെ മണ്ണുപരിശോധനയിൽ ഇത് വ്യക്തമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. മണ്ണിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, സിങ്ക്, സൾഫർ എന്നിവയുടെ കുറവാണ് ഘടനയിൽ ഉണ്ടായ മാറ്റത്തിന് ഇടയാക്കുന്നത്. പ്രളയവും കനത്തമഴയുമാണ് ഇവ ഇല്ലാതായതിന് കാരണം. പ്രശ്‌നത്തിന് പരിഹാരമായി ഉപയോഗിക്കാവുന്ന വളങ്ങളായ ബോറോൺ, ഡോളോമീറ്റ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയ വളങ്ങൾ സഹകരണ ബാങ്കുകളിലെ വളക്കടകളിൽ നിന്ന് ലഭ്യമാകുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇപ്പോൾ ഇവ ലഭിക്കുന്നത്. വിലക്കൂടുതലും സാധാരണ കർഷകർക്ക് ഇത്തരം വളങ്ങൾ ഏത് അളവിൽ, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള അറിവില്ലാത്തതും പ്രതിസന്ധിയ്ക്കിടയാക്കുന്നു. കൃഷി വകുപ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. അഗ്രോ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രവർത്തനവും കാര്യക്ഷമമല്ല. കൃഷി വകുപ്പിന്റെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണം. സൂക്ഷമ മൂലകങ്ങൾ അടങ്ങിയ വളങ്ങൾ സഹകരണ ബാങ്കുകളുടെ വളക്കടകളിലൂടെ വിതരണം ചെയ്യുന്നതിനുള്ള നടപടിയും ഉത്പന്നങ്ങളുടെ പ്രശ്‌നത്തിനും കൃഷി വകുപ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.